തൊടുപുഴ: ‘മാലിന്യമുക്തം നവകേരളം’ ജനകീയ കാമ്പയിൻ ജില്ലയിൽ രണ്ടാം ഘട്ടത്തിലേക്ക്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 50 ശതമാനം വീതം സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അംഗൻവാടികൾ, 10 ശതമാനം വീതം അയൽക്കൂട്ടങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഹരിതവത്കരിക്കുകയായിരുന്നു ലക്ഷ്യം.
ഒന്നാംഘട്ടത്തിൽ ജില്ലയിലെ 30 ശതമാനം സ്കൂളും ഹരിതമായി പ്രഖ്യാപിച്ചു. ആകെയുള്ള 559 വിദ്യാലയങ്ങളിൽ 181 എണ്ണമാണ് ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചത്. ജില്ലയിലെ 69 കോളജുകളിൽ 23 എണ്ണത്തിന് ഹരിത കാമ്പസ് പദവി ലഭിച്ചു. ആകെയുള്ളതിന്റെ 33 ശതമാനമാണിത്. 12,000 അയൽക്കൂട്ടങ്ങളിൽ 1537 എണ്ണം ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിക്കാൻ സജ്ജമായിരുന്നെങ്കിലും 11 തദ്ദേശ സ്ഥാപനങ്ങളിൽ പ്രഖ്യാപന പരിപാടികൾ നടക്കാത്തതിനാൽ 1191 അയൽക്കൂട്ടങ്ങളെയാണ് ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിച്ചത്. ആകെയുള്ളതിന്റെ ഒമ്പത് ശതമാനം. അടുത്ത ആഴ്ചയോടെ ബാക്കി 346 അയൽക്കൂട്ടങ്ങളുടെയും ഹരിത പ്രഖ്യാപനം ഉണ്ടാകും.
കമ്പിളികണ്ടം, വഴിത്തല, ഉപ്പുകുന്ന് തുടങ്ങി 34 പട്ടണങ്ങൾ ഹരിതമായി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ബോർഡുകൾ വരുംദിവസങ്ങളിൽ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു. ആകെ 4149 സ്ഥാപനങ്ങളിൽ 528 എണ്ണമാണ് ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്.
12 ശതമാനം. മൂന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളും ഹരിത കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. ഇടക്കി ഹിൽവ്യൂ പാർക്ക്, കാൽവരിമൗണ്ട്, ഇടുക്കി പാർക്ക് എന്നിവയാണിവ. ഈമാസം ആറ് കേന്ദ്രങ്ങളെക്കൂടി ഹരിതമായി പ്രഖ്യാപിക്കും. ജില്ലയിൽ 254 സ്കൂളുകള്‍, 27 കോളജുകള്‍, 528 സര്‍ക്കാര്‍ ഓഫിസുകള്‍, എട്ട് റൂറിസം കേന്ദ്രങ്ങള്‍, 23 ചെറു ടൗണുകള്‍ എന്നിവയുടെ ഹരിത പ്രഖ്യാപനവും ഇതിനോടകം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.