തൊടുപുഴ: മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ നൽകിയ അപേക്ഷയുടെ സ്ഥിതി അറിയാനെത്തിയ അംഗപരിമതിതനായ യുവാവിനെ പഞ്ചായത്ത് സെക്രട്ടറി വൈകല്യം പറഞ്ഞ് അധിക്ഷേപിച്ചെന്ന് പൊലീസിൽ പരാതി. പരാതിക്ക് ആധാരമായ സംഭവങ്ങൾ വാസ്തവമാണെന്ന് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും. സെക്രട്ടറി ഒരു സ്ഥിരം തലവേദനയാണെന്ന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങളുടെ ആക്ഷേപം.
കുമാരമംഗലം പഞ്ചായത്തിലെ പെരുമ്പള്ളിച്ചിറ തൃക്കടായിയിൽ മുഹമ്മദിന്റെ മകൻ ഇസ്മയിൽ മുഹമ്മദ് (21) ആണ് പഞ്ചായത്ത് സെക്രട്ടറി ഷേർളി ജോണിനെതിരെ തൊടുപുഴ പൊലീസിൽ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് ഇസ്മയിൽ പറയുന്നതിങ്ങനെ: തന്റെ വീടിന്റെ അതിരിനുള്ളിലേക്ക് ഷെഡിന്റെ പാത്തി കയറ്റിക്കെട്ടിയ അയൽക്കാരനെതിരെ മൂന്നു വർഷം മുമ്പ് പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും സെക്രട്ടറി നടപടി സ്വീകരിച്ചില്ല. പരസഹായം കൂടാതെ നടക്കാൻ കഴിയാത്ത താൻ പലവട്ടം പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങി. ബ്ലോക്ക് പഞ്ചായത്ത് നൽകിയ മുച്ചക്ര സ്കൂട്ടറിൽ മറ്റൊരാളുടെ സഹായത്താലാണ് സഞ്ചാരം. ഗത്യന്തരമില്ലാതെയാണ് മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പരാതി നൽകിയത്.
പരാതി പഞ്ചായത്തിലേക്ക് നൽകിയിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച രാവിലെ ഓഫിസിൽ എത്തിയത്. പിതാവ് മുഹമ്മദിന്റെ സഹായത്തോടെയാണ് ഓഫിസിൽ എത്തിയത്. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായ സാജൻ ചിമ്മിണിക്കാട്ടിൽ പ്രശ്നം രണ്ടു ദിവസത്തിനുള്ളിൽ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് മടങ്ങിപ്പോകാൻ ഒരുങ്ങുമ്പോഴാണ് സെക്രട്ടറി ഷേർളി ജോൺ തന്റെ വൈകല്യത്തെ അപഹസിക്കുന്ന പരാമർശം നടത്തിയത്. ഇത്രയും ശിക്ഷ ദൈവം തന്നിട്ടും നിനക്ക് മതിയായില്ലേ എന്ന് സെക്രട്ടറി അധിക്ഷേപിച്ചെന്നാണ് ഇസ്മയിൽ പരാതിയിൽ പറയുന്നത്.
വസ്തു വിറ്റ് പണം കിട്ടിയിട്ട് വേണം തന്റെ ചികിത്സ നടത്താനെന്നും അതിർത്തി പ്രശ്നം നിലനിൽക്കുന്നതിനാൽ വസ്തു വിൽക്കാനാവുന്നില്ലെന്നും അതിനാണ് പഞ്ചാത്തിനെ പരാതിയുമായി സമീപിച്ചതെന്നും ഇസ്മായിൽ പറയുന്നു. ഇസ്മായിലിന്റെ പരാതി വാസ്തവമാണെന്നും താൻ അതിന് സാക്ഷിയായിരുന്നുവെന്നും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സാജൻ ചിമ്മിണിക്കാട്ടിൽ പറഞ്ഞു. സെക്രട്ടറി തങ്ങളെയും നിരന്തരം അപമാനിക്കാറുണ്ട്. ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒന്നിച്ച് അഡീഷനൽ ഡയറക്ടർക്ക് പലതവണ പരാതി നൽകിയിട്ടും സെക്രട്ടറിയെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.