തൊടുപുഴ: ഇടമലക്കുടി പഞ്ചായത്തിലെ മൂന്ന് കുടികളിലെ 10 കുടുംബങ്ങൾക്ക് കേന്ദ്രസര്‍ക്കാറിെൻറ ജിം (ഗ്രീന്‍ ഇന്ത്യ മിഷന്‍) പദ്ധതി പ്രകാരം ഗ്യാസ് കണക്ഷൻ എത്തും. സംസ്ഥാനത്തെ ആദ്യ ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ആദ്യമായി പാചകവാതകം എത്തുന്നത്.
ആദ്യഘട്ടത്തില്‍ ഇഡ്ഡലിപ്പാറകുടി, ഷെഡുകുടി, അമ്പലപ്പടികുടി എന്നിവിടങ്ങളിലെ 10 കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷനായി 59,625 രൂപ വനംവകുപ്പിെൻറ കോര്‍പസ് ഫണ്ടില്‍നിന്ന് മാറ്റിക്കൊണ്ടുള്ള രേഖകള്‍ ഇഡ്ഡലിപ്പാറകുടിയിലെ മൂപ്പന്‍ സുബുരാജിന് സംസ്ഥാന വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ കൈമാറി. വാഹനങ്ങളെത്തുന്ന കുടികള്‍ എന്ന നിലക്കാണ് ഈ മൂന്ന് കുടികളില്‍നിന്നുള്ളവര്‍ക്ക് ആദ്യഘട്ടത്തില്‍ ഗ്യാസ് കണക്ഷന്‍ നല്‍കാന്‍ തീരുമാനിച്ചത്.
23 കുടികളിലായി 700 കുടുംബങ്ങളാണ് ഇടമലക്കുടിയിലുള്ളത്. 2300പേരും ഇവിടെ താമസിക്കുന്നു. മൂന്നാറിലെ ഗ്യാസ് ഏജന്‍സിയില്‍നിന്നുമാണ് എത്തിക്കുന്നത്. മൂന്നാറില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ പെട്ടിമുടി വരെ ഏജന്‍സിയില്‍നിന്ന് ഗ്യാസ് സിലിണ്ടര്‍ എത്തിക്കും.
തുടര്‍ന്നുള്ള 10 കിലോമീറ്റര്‍ ദൂരത്തില്‍ മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ഇതുവഴി കുടികളില്‍നിന്നുള്ളവര്‍ക്കായി ഓടിക്കുന്ന വനസംരക്ഷണ സമിതിയുടെ ജീപ്പില്‍ വാഹനകൂലി നല്‍കിയാല്‍ സിലിണ്ടര്‍ അതത് കുടികളിലെത്തിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
കാലിയാകുന്ന സിലിണ്ടറുകള്‍ ഇതേ വാഹനത്തില്‍ കയറ്റി പെട്ടിമുടിയിലെ കവാടത്തിലുള്ള ചെക്ക്പോസ്റ്റിനോട് ചേര്‍ന്നുള്ള വനംവകുപ്പ് കെട്ടിടത്തില്‍ സൂക്ഷിക്കുന്നതിനും സൗകര്യമുണ്ട്. രണ്ടാഴ്ച മുമ്പ് മുതല്‍ കുടികളിലെത്തി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞുവെങ്കിലും പലരും ഭയംമൂലവും ഉപയോഗിച്ച് ശീലമില്ലാത്തതിനാലും താല്‍പര്യം കാട്ടിയില്ല.
നിലവില്‍ പ്രദേശത്തുള്ളവര്‍ വിറക് ശേഖരിച്ചാണ് പാചകം. മഴക്കാലത്ത് ഉള്‍പ്പെടെ പലപ്പോഴും ഇതുണ്ടാക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ആദ്യഘട്ടത്തില്‍ ഗ്യാസ് കണക്ഷന്‍ ലഭിക്കുന്ന 10 കുടുംബങ്ങളിലുള്ളവരില്‍നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കി കൂടുതലാളുകൾ ഗ്യാസ് കണക്ഷനായി എത്താന്‍ സാധ്യതയുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.