തൊടുപുഴ: ജില്ല ടുറിസം ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ് വഴി ഹോം സ്റ്റേ, സർവിസ്ഡ് വില്ല എന്നിവയിൽ നടത്തുന്ന ക്ലാസിഫിക്കേഷൻ പരിശോധനയിൽ സുതാര്യതയില്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെ ഇവയുടെ അനുമതി സംബന്ധിച്ച് വിവരാവകാശ പ്രകാരം ഉന്നയിച്ച ചോദ്യത്തിന് വിവരം ലഭ്യമല്ലെന്ന് മറുപടി. ജില്ല ടൂറിസം ഡെപ്യുട്ടി ഡയറക്ടറുടെ ഓഫിസാണ് ഇങ്ങനെ മറുപടി നൽകിയത്.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സംരംഭക പ്രോത്സാഹന പദ്ധതിയാണ് ഹോം സ്റ്റേകളും സർവിസ്ഡ് വില്ലകളും. 10 വർഷത്തിനുള്ളിൽ ഇടുക്കി ജില്ലയിൽ ഇത്തരം എത്ര സ്ഥാപനങ്ങൾ ക്ലാസിഫിക്കേഷന് അപേക്ഷിച്ചിരുന്നുവെന്നും എത്രയെണ്ണത്തിന് അനൂകുല റിപ്പോർട്ടും എത്രയെണ്ണത്തിന് വിരുദ്ധ റിപ്പോർട്ടും ടൂറിസം ഡയറക്ടർക്ക് ജില്ല ഓഫിസിൽ നിന്ന് കൈമാറി എന്നതായിരുന്നു ചോദ്യം. ഇതിനാണ് വിവരം ലഭ്യമല്ല എന്ന് മറുപടി കിട്ടിയത്. ഓൺലൈനായി അപേക്ഷ നൽകി ഹോം സ്റ്റേക്ക് 3000വും സർവിസ്ഡ് വില്ലയ്ക്ക് 3500 രൂപയും ഫീസ് നൽകിയാണ് ക്ലാസിഫിക്കേഷനായി അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം വീടിന്റെ അല്ലെങ്കിൽ കെട്ടിടത്തിന്റെ പ്ലാൻ, പഞ്ചായത്തിൽ നിന്ന് ഉടമസ്ഥാവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ്, ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്, അങ്ങിനെ നിരവധി രേഖകൾ സംഘടിപ്പിക്കണം.
ഇവ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പാക്കിയ ശേഷം ക്ലാസിഫിക്കേഷൻ കിട്ടാൻ ടുറിസം വകുപ്പ് നിർദേശിക്കുന്ന ചെക്ക് ലിസ്റ്റ് പ്രകാരമുള്ള എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങൾ ഒരുക്കണം. ഇതിന് ശേഷം ജില്ല ടുറിസം ഡെപ്യൂട്ടി ഡയറക്ടർ, പൊതുമരാമത്ത് റസ്റ്റ് ഹൗസ് മനേജ ർ, ഡി.ടി.പി. സി സെക്രട്ടറി, സ്ഥലത്തെ പഞ്ചായത്തംഗം എന്നിവർ ചേർന്ന് പരിശോധന നടത്തും. തുടർന്ന് അനുകൂലമോ പ്രതികൂലമോ ആയ റിപ്പോർട്ട് ഡയറക്ടർക്ക് നൽകും. അവിടെ നിന്നാണ് ക്ലാസിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തി ഉത്തരവ് നൽകുക. സാധാരണക്കാരുടെ അപേക്ഷകൾക്ക് പരിഗണന കിട്ടാറില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്. ഇതേത്തുടർന്നാണ് വിവരവകാശ നിയമപ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ എത്ര അപേക്ഷകൾ കിട്ടിയെന്നും അവയിൽ അനുകൂല റിപ്പോർട്ട് നൽകാത്തവ എത്രയെന്നുമുള്ള ചോദ്യം ചോദിച്ചത്. ഇതിനാണ് വിവരം ലഭ്യമല്ലെന്ന മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.