തൊടുപുഴ: ജില്ലയിലെ കാർഷിക-തോട്ടം മേഖലകൾക്ക് നിരാശ നൽകി കേന്ദ്രബജറ്റ്. ജില്ലയെ സംബന്ധിച്ച് തോട്ടം-കാർഷിക മേഖല ഏറെ പ്രതീക്ഷയോടെയാണ് ബജറ്റിനെ നോക്കിക്കണ്ടത്. പ്രളയത്തിന്റെയും കോവിഡിന്റെയും പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള പ്രഖ്യാപനങ്ങൾ കാർഷിക- തോട്ടം- ടൂറിസം മേഖല പ്രതീക്ഷിച്ചിരുന്നു. എന്നാൽ, കാര്യമായ പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. ഇടുക്കിയിൽ 74 തേയിലത്തോട്ടങ്ങളാണുള്ളത്. ഈ എസ്റ്റേറ്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അടിസ്ഥാന ആവശ്യങ്ങളെല്ലാം അവഗണിക്കപ്പെട്ട് സമൂഹത്തിലെ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലൊന്നായി ജീവിതം തള്ളി നീക്കുകയാണ്. പീരുമേട്ടിൽ മാത്രമുള്ള 38 എസ്റ്റേറ്റുകളിൽ 17 എണ്ണവും ഭാഗികമായി മാത്രമാണ് പ്രവർത്തിക്കുന്നത്. തോട്ടം മേഖലക്കായി പ്രത്യേക പാക്കേജ് എന്നത് ഇടുക്കിയുടെ പ്രതീക്ഷകളിൽ ഒന്നായിരുന്നു. എന്നാൽ, ബജറ്റിൽ ഇതിനും ഒരു പരിഹാരം ഉണ്ടായില്ല. പൂട്ടിയ തോട്ടങ്ങൾ തുറക്കുന്ന പദ്ധതിയാണ് പ്രധാനമായും പ്രതീക്ഷിച്ചിരുന്നത്. തേയിലക്ക് പ്രത്യേക പാക്കേജും വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ ഇതുണ്ടായില്ല.
കാർഷിക ഗവേഷണത്തിൽ കുറവ് വരുത്തിയതും രാസവള സബ്സിഡി കുറച്ചതും നിയമപരമായി വില പരിരക്ഷയുള്ള യൂറിയക്ക് പോലും സബ്സിഡിയിൽ കുറവ് വരുത്തിയതും കാർഷിക മേഖലയായ ഇടുക്കിയിലും പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ജൈവ കൃഷിക്ക് പ്രാമുഖ്യം നൽകുമെന്നും കർഷകരുടെ അക്കൗണ്ടിലേക്ക് താങ്ങുവില നൽകുമെന്നുമുള്ള പ്രഖ്യാപനം ആശ്വാസം നൽകുന്നതാണ്. കർഷകക്ഷേമ, തൊഴിലുറപ്പ് പദ്ധതികൾക്കായി വകയിരുത്തിയ തുക കുറഞ്ഞെന്നും ഇത് ജില്ലയെ ബാധിക്കുമെന്നും ആക്ഷേപം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.