മുട്ടം: ആറുവർഷം മുമ്പ് നിർമിച്ച മുട്ടം പോളിടെക്നിക് വനിത ഹോസ്റ്റൽ കെട്ടിടം കാടുകയറി നശിക്കുന്നു. 82 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ഹോസ്റ്റലാണ് ഉപയോഗിക്കാതെ നശിക്കുന്നത്. മുട്ടം പോളിടെക്നിക് കോളജിന് സമീപമാണ് ലേഡീസ് ഹോസ്റ്റലും. കേന്ദ്ര സർക്കാറിന്റെ എം.എച്ച്.അർ.ഡി ഫണ്ടിൽനിന്നുമാണ് ഹോസ്റ്റൽ നിർമാണത്തിന് തുക അനുവദിച്ചത്.
ഒരു കോടിയാണ് ഹോസ്റ്റൽ നിർമാണത്തിന് അനുവദിച്ചത്. ഇതിൽ 82 ലക്ഷം രൂപ മുടക്കി 80 ശതമാനത്തോളം നിർമാണം പൂർത്തീകരിച്ചു. ബാക്കി തുക സംബന്ധിച്ച് അധികൃതർക്കിടയിൽ ആശയക്കുഴപ്പം നില നിന്നിരുന്നു. ബാക്കിയുള്ള 18 ലക്ഷം രൂപക്ക് ശേഷിക്കുന്ന നിർമാണ ജോലി പൂർത്തീകരിക്കാൻ ഡയറക്ടറേറ്റിൽനിന്ന് നിർദേശം നൽകിയിരുന്നു. ഈ തുക പ്രിൻസിപ്പലിന്റെ പേരിലുള്ള അക്കൗണ്ടിൽ ഉണ്ടെന്നും ഡയറക്ടറേറ്റിൽ നിന്നുള്ള കത്തിൽ പറഞ്ഞിരുന്നു. എന്നാൽ, രണ്ട് ലക്ഷത്തോളം രൂപ മാത്രമേ അക്കൗണ്ടിൽ ഉള്ളൂ എന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഇക്കാര്യം മുകളിലേക്ക് റിപ്പോർട്ട് ചെയ്തെങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. ഇതോടെ 16 ലക്ഷം രൂപ എവിടെപ്പോയി എന്നത് ദുരൂഹമായി തുടരുകയാണ്. ഇതാണ് കെട്ടിട നിർമാണം പൂർത്തിയാകാതിരിക്കാൻ കാരണമെന്ന് പറയുന്നു. ഹോസ്റ്റൽ അടുക്കള, സെക്യൂരിറ്റി മുറി തുടങ്ങിയ ചുരുങ്ങിയ സൗകര്യങ്ങളാണ് ഇനി ഒരുക്കേണ്ടത്. 35 വിദ്യാർഥിനികൾക്ക് താമസിക്കാവുന്നതാണ് കെട്ടിടം. ഹോസ്റ്റലിലേക്ക് വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ തടി ഉപകരണങ്ങളും ഉള്ളിൽ കിടന്ന് നശിക്കുകയാണ്. നിലവിൽ വിദ്യാർഥികളിൽ അധികവും അമിത വാടക നൽകി സ്വകാര്യ ഹോസ്റ്റലുകളെയാണ് ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.