നാടുകാണി പവിലിയൻ, പൊട്ടൻപടി മലനിരകൾ, കുളമാവിലെ പുൽമേടുകൾ, വനത്തിനുള്ളിലെ കാലൻമാരികുത്ത്, കക്കാട്ടു ഗുഹ, കുളമാവ് ഡാം, ഉപ്പുകുന്ന് വ്യുപോയിന്റ്, മുറംകെട്ടിപ്പാറ, അരീപ്പാറ തുടങ്ങി ഒട്ടേറെ ടൂറിസം സാധ്യതകളുള്ള പ്രദേശങ്ങൾ ഇവിടെയുണ്ട്. കൂടാതെ ട്രക്കിങിനും ഒട്ടേറെയിടങ്ങൾ ഇവിടെയുണ്ട്.
കുളമാവ് : വടക്കേപ്പുഴ ടൂറിസം പദ്ധതി കേരളപ്പിറവിദിനത്തിൽ ഉദ്ഘാടനം ചെയ്യുമെന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഉറപ്പും പാഴായി. കേരളപ്പിറവിയും ക്രിസ്മസും കഴിഞ്ഞിട്ടും യാതൊരുപുരോഗതിയും ഇല്ല. പദ്ധതി നടത്തിപ്പിൽ ഹൈഡൽ ടൂറിസത്തിന് വേണ്ട താൽപര്യമില്ലാത്തതാണ് നടപടി വൈകാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വിനോദ സഞ്ചാര സാധ്യത കൂടി പ്രയോജനപ്പെടുത്തി പെഡൽ ബോട്ടിങ്, കയാക്കിങ് ഉൾപ്പെടെ വിനോദ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നായിരുന്നു മന്ത്രി അറിയിച്ചത്.
എന്നാൽ ഇതിന്റെ നടപടി ഇനിയും ആയിട്ടില്ല. വടക്കേപ്പുഴ പദ്ധതിക്കായി നാട്ടുകാരിൽ നിന്ന് പൊന്നുംവിലക്ക് വാങ്ങിയ സ്ഥലത്താണ് ജലാശയം സ്ഥിതി ചെയ്യുന്നത്. ഇവിടെ പദ്ധതി നടപ്പാക്കാൻ വനം വകുപ്പിന്റെ അനുമതി തേടിയിരിക്കുകയാണ് ഹൈഡൽ ടൂറിസം വകുപ്പ്. വനം വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന അഭിപ്രായം ഉണ്ടായിരിക്കെത്തന്നെയാണ് സ്ഥലത്ത് പദ്ധതി നടത്തിപ്പിനായി വനം വകുപ്പിന്റെ അനുമതി തേടിയത്. ഇതോടെ പദ്ധതിയുടെ നിർമാണവേഗം നിലച്ചു.
അടുത്തിയിടെയൊന്നും ഇത് നടപ്പാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വടക്കേപ്പുഴയാറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ഇടുക്കി അണക്കെട്ടിലെത്തിക്കുന്നതിനായാണ് ഇവിടെ ചെക്ക്ഡാം നിർമിച്ചത്. പദ്ധതി നടപ്പാക്കുന്നതിന് വടക്കേപ്പുഴ ചെക്ക്ഡാമിനുള്ളിലെ ചെളി നീക്കം ചെയ്ത് ആഴം കൂട്ടണം. കൂടാതെ പാർക്കിങ് സൗകര്യം, കഫറ്റേരിയ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. സാമ്പത്തികമായി പിന്നോക്കമായ കുളമാവിൽ ഇതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കുളമാവ് നിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.