തൊടുപുഴ: പ്രാദേശിക കൃഷിത്തോട്ടങ്ങളിൽനിന്നുള്ള വരവ് നിലച്ചതോടെ വിപണിയിൽ പച്ചക്കറി ഉൽപന്നങ്ങൾക്ക് വിലക്കയറ്റം. കഴിഞ്ഞ ദിവസം വലിയ തോതിലായിരുന്ന വിലയിൽ നേരിയ കുറവു വന്നിട്ടുണ്ടെങ്കിലും പലതിനും കാര്യമായ വ്യതിയാനമില്ല. ഉൽപാദനം കുറഞ്ഞതോടെ തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറിയുടെ വരവും കുറഞ്ഞിട്ടുണ്ട്.
ഇതോടെയാണ് വിപണികളിൽ പല ഉൽപന്നങ്ങളുടെയും വില കൂടാൻ ഇടയാക്കിയത്. മത്സ്യം, മാംസം എന്നിവയോടൊപ്പം പച്ചക്കറിക്കും വിലയേറിയതോടെ കുടുംബ ബജറ്റ് താളംതെറ്റുന്ന സ്ഥിതിയാണ്.
ബീൻസിന് കിലോക്ക് 140 രൂപ വരെയായിരുന്നു കഴിഞ്ഞ ദിവസം പലയിടത്തും വില. തൊടുപുഴ മാർക്കറ്റിൽ ബീൻസിന് 120 രൂപ നൽകണം. സവാള വിലയിലും ഉയർച്ചയുണ്ട്. ഒരു കിലോ സവാളക്ക് 65 രൂപയും ഉള്ളിക്ക് 70 രൂപയുമാണ്. വെളുത്തുള്ളിക്കാണ് റെക്കോഡ് വില. 400 രൂപ വരെയാണ് കിലോഗ്രാമിന്റെ വില. വള്ളിപ്പയർ- 70, കാരറ്റ്- 60, വെണ്ടക്ക- 40, തക്കാളി- 60, ബീറ്റ്റൂട്ട്- 40, കാബേജ്- 50, ഉരുളക്കിഴങ്ങ്- 50, പാവക്ക- 60, ചേന- 80, ചേമ്പ്- 100, കോവക്ക- 40, പച്ചമുളക്- 80, മുരിങ്ങക്കായ- 80 എന്നിങ്ങനെയാണ് മറ്റ് ഉൽപന്നങ്ങളുടെ വില. പല ഉൽപന്നങ്ങളുടെയും വില ദിനംപ്രതി കൂടിയും കുറഞ്ഞും വരുന്നു. പാവക്ക, പയർ, പടവലം, ചേമ്പ്, ചേന, മത്തങ്ങ തുടങ്ങിയവ ജില്ലയിലെ പ്രാദേശിക കൃഷിത്തോട്ടങ്ങളിൽ വ്യാപകമായി ഉൽപാദിപ്പിക്കുകയും ഇത് കർഷക വിപണികൾവഴി കടകളിൽ എത്തുകയും ചെയ്തിരുന്നു.
ഇത്തരം കൃഷിയിടങ്ങളിൽനിന്ന് ഇപ്പോൾ ഉൽപന്നങ്ങൾ എത്തുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. കാർഷിക വിപണികളിൽ എത്തുന്ന പച്ചക്കറികളും കുറവാണ്. കാലവർഷക്കെടുതിയും വന്യമൃഗശല്യവും ജില്ലയിലെ പച്ചക്കറി ഉൽപാദനത്തെ കാര്യമായി ബാധിച്ചു.
ഇപ്പോൾ തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറി മാത്രമാണ് ജില്ലയിലെ പച്ചക്കറി വ്യാപാര കേന്ദ്രങ്ങളിൽ എത്തുന്നത്. ഇതിനു പുറമെ ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയിലും കാന്തല്ലൂരിലും പച്ചക്കറി ഉൽപാദനം കുത്തനെ കുറഞ്ഞു. കൃഷി പ്രോത്സാഹന പദ്ധതികൾ കുറഞ്ഞതോടെ ഒട്ടേറെ കർഷകർ പച്ചക്കറി കൃഷിയിൽനിന്ന് പിൻവലിഞ്ഞു. തൊഴിലാളി ക്ഷാമവും കൃഷിച്ചെലവുകൾ ഏറിയതും തിരിച്ചടിയായി. ജില്ലയിൽ വ്യാപകമായി ഉൽപാദിപ്പിച്ചിരുന്ന മരച്ചീനിയും നേന്ത്രക്കായയും ഇപ്പോൾ തമിഴ്നാട്ടിൽനിന്നും വൻതോതിൽ എത്തുന്നുണ്ട്. മരച്ചീനി ഉൽപാദനം കുറഞ്ഞത് കടകളിൽ വില ഉയരാൻ കാരണമായി.
കിലോക്ക് 45 രൂപയാണ് മരച്ചീനിയുടെ വില. നേന്ത്രക്കായക്ക് 40 രൂപയാണ് വില. നേന്ത്രക്കായ വില കുറഞ്ഞത് ജില്ലയിലെ ഏത്തവാഴ കർഷകർക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.