അടിമാലി / നെടുങ്കണ്ടം: വാക്ക്തർക്കത്തെത്തുടർന്ന് ജ്യേഷ്ഠസഹോദരനെ യുവാവ് എയർഗൺകൊണ്ട് വെടിവെച്ചു. കുരിശുപാറ കൂനംമാക്കല്‍ സിബിക്കാണ് (49) വെടിയേറ്റത്. വെടിവെച്ച ഇളയ സഹോദരന്‍ സാന്‍റോ (38) ഒളിവിലാണെന്ന് ഉടുമ്പന്‍ചോല പൊലീസ് പറഞ്ഞു.
സേനാപതി മാവറ സിറ്റിക്ക് സമീപം ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. കുരിശുപാറയില്‍ താമസിക്കുന്ന സിബിക്ക് സാന്‍റോയുടെ വീടിന് സമീപം ഏലത്തോട്ടമുണ്ട്. ബുധനാഴ്ച സിബിയും സഹായിയും ഇവിടെയെത്തി ഏലത്തിന് കീടനാശിനി തളിച്ചിരുന്നു. പണി തീര്‍ന്നശേഷം വൈകീട്ട് മോട്ടോറും പണിസാധനങ്ങളും സാന്‍റോയുടെ വീട്ടില്‍ വെച്ചു. തുടര്‍ന്ന് മൂന്ന് പേരുംകൂടി പുറത്ത് പോയി മദ്യപിച്ചശേഷം ആറരയോടെ തിരികെ വീട്ടിലെത്തി. ഈ സമയം സാന്‍റോ മറ്റൊരു സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇത് ഇഷ്ടപ്പെടാത്ത സിബി ഈ സുഹൃത്തിനെ പറഞ്ഞുവിടണമെന്ന് ആവശ്യപ്പെട്ടു. എങ്കില്‍ നിങ്ങളും വീട്ടില്‍നിന്ന് ഇറങ്ങണമെന്ന് സാന്‍റോ സിബിയോടും സഹായിയോടും പറഞ്ഞു. മരുന്ന് തളിക്കുന്ന മോട്ടോറും പണിസാധനങ്ങളും എടുത്തുകൊണ്ടുപോകാന്‍ സിബി ശ്രമിച്ചെങ്കിലും സാന്‍റോ സമ്മതിച്ചില്ല.
തുടര്‍ന്ന് വീട്ടില്‍നിന്നിറങ്ങിയ സിബി ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷനിലെത്തി സഹോദരന്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ട കാര്യം പറഞ്ഞു. സിബി മദ്യലഹരിയിലായതിനാല്‍ ഇപ്പോള്‍ അവിടേക്ക് പോകരുതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നിർദേശിച്ചു.
ഇത് സമ്മതിച്ച് സ്റ്റേഷനില്‍നിന്നിറങ്ങിയ സിബിയും സഹായിയും വീണ്ടും സാന്‍റോയുടെ വീട്ടിലെത്തി. എയര്‍ ഗണ്ണുമായി വീടിനു പുറത്തിറങ്ങിയ സാന്‍റോ ഉടൻ വെടിയുതിർക്കുകയായിരുന്നു. കഴുത്തില്‍ വെടിയേറ്റ സിബിയെ നാട്ടുകാര്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
അന്നനാളം വഴി ശ്വാസകോശത്തിലെത്തിയ പെല്ലറ്റ് അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. സിബി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തിനുശേഷം സാന്‍റോ ആരുടെയോ ബൈക്കില്‍ കയറി സ്ഥലംവിട്ടതായി നാട്ടുകാര്‍ പറയുന്നു.
സാന്‍റോക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും ഉടന്‍ പിടികൂടുമെന്നും ഉടുമ്പന്‍ചോല സി.ഐ ഫിലിപ് സാം പറഞ്ഞു. സാന്‍റോക്കെതിരെ നേരത്തെയും രണ്ട് ക്രിമിനല്‍ കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.