മാള: മാളയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. നാലമ്പല തീർഥാടന സീസണായിട്ടും ഗതാഗത കുരുക്കിന് പരിഹാരം കാണാൻ അധികൃതർ ശ്രമിക്കാതിരുന്നതാണ് കാരണം. ടൗണിൽ വൺവേ സംവിധാനം ഒരുക്കി ഗതാഗതം സുഗമമാക്കാൻ കഴിയുമെന്ന് നേരത്തേ തെളിയിച്ചിരുന്നു. പിന്നീട് വൺവേ നിലച്ചു.
സ്വകാര്യ ബസ് ജീവനക്കാരിൽ ഒരു വിഭാഗത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് വൺവേ നിലച്ചതെന്ന് പറയുന്നു. വർധിച്ച തോതിൽ വാഹനങ്ങൾ പാതയോട് ചേർന്ന് പാർക്ക് ചെയ്യുന്നുണ്ട്. ഗതാഗത കുരുക്കഴിക്കുന്നതിന് ഈ വാഹനങ്ങൾ നീക്കം ചെയ്യണം. കെ.എസ്.ആർ.ടി.സി മാള ഡിപ്പോയിൽ നിന്നാണ് സർവിസ് നടത്തുന്നത്. സ്വകാര്യ ബസ്സ്റ്റാൻഡിൽ നൂറുകണക്കിന് ബസുകൾ എത്തുന്നുണ്ട്.
ടൗണിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ പോസ്റ്റ് ഓഫിസ് റോഡിന് വീതി കുറവായതിനാൽ ഒരേസമയം ഇരുഭാഗത്തേക്കും കടന്നുപോകാനാവില്ല. വിവിധ സ്ഥലങ്ങളില്‍നിന്ന് മാള ടൗണിലേക്കും പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലേക്കും എത്തുന്നത് ഈ റോഡ് വഴിയാണ്. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള എല്ലാ സർവിസും കെ.കെ. റോഡുവഴി സ്വകാര്യ സ്റ്റാൻഡിൽ പ്രവേശിച്ച് തൃശൂർ, ആലുവ ഭാഗങ്ങളിലേക്ക് തിരിഞ്ഞ് പോകണം. തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ സംസ്ഥാന പാത വഴി കെ.എസ്.ആർ. ടി.സി വഴി കെ.കെ. റോഡിലൂടെ സ്വകാര്യ സ്റ്റാൻഡിൽ എത്തണം. കൃഷ്ണൻ കോട്ട, പറവൂർ, കൊടുങ്ങല്ലൂർ ഭാഗത്ത് നിന്നു വരുന്നവ മാള പള്ളിപ്പുറം പോസ്റ്റ് ഓഫിസ് ജങ്ഷനിൽ നിന്ന് പ്ലാവിൻമുറി വഴി പൊലീസ് സ്റ്റേഷൻ വഴി സ്വകാര്യ സ്റ്റാൻഡിൽ എത്താനാവും. വടക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗത്തേക്കുള്ള എല്ലാ ബസുകളും പോസ്റ്റ് ഓഫിസ് വഴി തിരിച്ചുവിടണം.
ചെറു വാഹനങ്ങൾ സംസ്ഥാന പാതയിൽനിന്ന് കിഴക്ക് ഭാഗത്തേക്ക് പോകുന്നതിന് ഡേവീസ് പെരേപ്പാടൻ റോഡ്, എ.എം. അലി മാസ്റ്റർ റോഡ്, കിഴക്കേ അങ്ങാടി ലിങ്ക് റോഡ് എന്നിവ ഉപയോഗപ്പെടുത്തണം. വടക്കുനിന്ന് ആലുവ ഭാഗത്തേക്ക് വരുന്ന ലോറികൾ, ടിപ്പറുകൾ കാവനാട് വഴിയും തിരിച്ചുവിടണം.
അങ്കമാലി ഭാഗത്തു നിന്നു വരുന്ന ബസുകൾ ടൗണിൽ വരാതെ നേരിട്ട് സ്വകാര്യ സ്റ്റാൻഡിൽ പ്രവേശിക്കണം. അതേസമയം, കൊടകര - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഗതാഗതം ഇരുഭാഗത്തേക്കും അനുവദിക്കുകയും മറ്റു റോഡുകളിൽ വൺവേ നിലനിർത്തുകയും വേണമെന്ന നിർദേശമാണുള്ളത്.
ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടി വൺവേ നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.