തളിപ്പറമ്പിൽ അനുമതിയില്ലാതെ അനധികൃത കെട്ടിട നിർമാണം

തളിപ്പറമ്പ്: ട്രൈബ്യൂണൽ വിലക്കുകൾ ലംഘിച്ച് സർ സയ്യിദ് കോളജ് വളപ്പിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായി പരാതി. കണ്ണൂർ ജില്ല മുസ്‍ലിം എജുക്കേഷനൽ അസോസിയേഷന് (സി.ഡി.എം.ഇ.എ) കീഴിലെ തളിപ്പറമ്പ സർ സയ്യിദ് കോളജിന് വേണ്ടിയാണ് ഉത്തരവുകൾ ലംഘിച്ച് നിർമാണം നടക്കുന്നതെന്നാണ് പരാതി. കോടതി നിർദേശത്തെത്തുടർന്ന് നിർത്തിയ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ വീണ്ടും ആരംഭിച്ചതായാണ് ആരോപണം. തളിപ്പറമ്പ് സ്വദേശികളായ കെ.പി. മുഹമ്മദ് അഷ്റഫ്, കെ.വി. മുഹമ്മദ് കുഞ്ഞി, പി.പി. മൊയ്തീൻകുട്ടി, സി. മുഹമ്മദ് അഷ്റഫ്, സി.പി. നൗഫൽ എന്നിവർ നേരത്തെ നഗരസഭ സെക്രട്ടറിക്കും വഖഫ് ട്രൈബ്യൂണലിലും വഖഫ് ബോർഡിലും നിർമാണത്തിനെതിരെ പരാതികൾ നൽകിയിരുന്നു. പരാതി പരിശോധിച്ച വഖഫ് ബോർഡ് ഡിവിഷനൽ ഓഫിസർ, അനധികൃത കെട്ടിട നിർമാണത്തിന് അനുമതി നൽകരുതെന്ന് ചൂണ്ടിക്കാട്ടി നഗരസഭക്ക് കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ വർഷം നഗരസഭ സെക്രട്ടറിയും, പ്രവൃത്തി നിർത്തിവെക്കണമെന്ന് സി.ഡി.എം.ഇ.എക്ക് കത്ത് നൽകിയിരുന്നു. വഖഫ് ട്രൈബ്യൂണലിൽ ഫയൽ ചെയ്ത കേസിൽ, തുടർന്നുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കോടതി നിർദേശിച്ചതോടെ നിർത്തിയ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ വീണ്ടും ആരംഭിച്ചിരിക്കുന്നത്. തളിപ്പറമ്പ് ജമാഅത്ത് പള്ളിയിൽനിന്ന് ലീസിന് വാങ്ങി കൈവശംവെച്ചുവരുന്ന 25 ഏക്കറോളം വഖഫ് ഭൂമിയിലാണ് സർ സയ്യിദ് കോളജ് അധികൃതർ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. വഖഫ് ബോർഡിന്റെയോ നഗരസഭയുടെയോ അനുവാദമില്ലാതെ ലക്ഷത്തിലധികം സ്ക്വയർഫീറ്റ് വിസ്തൃതിയിലുള്ള കെട്ടിടങ്ങളാണ് നിർമിക്കുന്നത്. കോടതി വിധികളും മറ്റു നിയമങ്ങളും പാലിക്കാതെയാണ് അവിടെ സി.ഡി.എം.ഇ.എയുടെ നേതൃത്വത്തിൽ കെട്ടിടങ്ങൾ നിർമിക്കുന്നതെന്നും നഗരസഭയുടെ അനുമതിയും നിർമാണത്തിനില്ലെന്നും പരാതിക്കാർ പറഞ്ഞു. അതേസമയം, ചീഫ് ടൗൺ പ്ലാനർക്ക് അപേക്ഷ നൽകിയാണ് കെട്ടിട നിർമാണം തുടങ്ങിയതെന്ന് സി.ഡി.എം.ഇ.എ ഭാരവാഹി മഹമൂദ് അള്ളാംകുളം പറഞ്ഞു. 2015ൽ ജില്ല ടൗൺ പ്ലാനർക്ക് അനുമതി നൽകാനുള്ള അനുവാദം ലഭിച്ചതോടെ അപേക്ഷ അങ്ങോട്ട് നൽകിയാണ് നിർമാണം തുടങ്ങിയത്. അനുമതി ഇല്ലാതെ നിർമിക്കുന്ന കെട്ടിടങ്ങൾ പിഴ ഒടുക്കി നിയമവിധേയമാക്കുന്ന സംവിധാനം നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് പ്രകാരമാണ്, അന്ന് നിർമാണം തുടങ്ങിയ കെട്ടിടത്തിൽ പ്രവൃത്തി നടന്നത്. ഈ വർഷം പുതിയ കോഴ്സ് ലഭിച്ചതോടെ നിലവിലെ കോളജ് കെട്ടിടത്തിൽ സ്ഥലമില്ലാതെ വന്നതോടെയാണ് നിർമാണത്തിലിരിക്കുന്ന കെട്ടിടം മിനുക്കുപണിയെടുത്ത് പഠന സൗകര്യമൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ട്രൈബ്യൂണലിൽ നൽകിയ കേസ് നിലവിലില്ലെന്നും അതുകൊണ്ട് വിധി നിൽനിൽക്കുന്നില്ലെന്നും മഹമൂദ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.