കണ്ണൂർ: കോഴ്സ് പൂർത്തിയായാൽ സർട്ടിഫിക്കറ്റുകൾ യഥാസമയം അനുവദിക്കണമെന്നും കോളജിലെ മറ്റ് തിരക്കുകൾ ചൂണ്ടിക്കാട്ടി വൈകിപ്പിക്കുന്നത് ശരിയല്ലെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
കണ്ണൂർ പരിയാരം ഗവ. ആയുർവേദ കോളജിൽ 2023 സെപ്റ്റംബറിൽ ബി.എ.എം.എസ് പൂർത്തിയാക്കിയ ഡോക്ടർമാർക്ക് ഇന്റേൺഷിപ്പ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ജോലിക്ക് അപേക്ഷ നൽകാൻ കഴിയുന്നില്ലെന്ന് പരാതിക്കാരി അറിയിച്ചു.
കോളജിൽ 2023-24 വർഷത്തെ ബി.എ.എം.എസ് പ്രവേശന തിരക്കായതുകൊണ്ടാണ് പരാതിക്കാരി ഉൾപ്പെടെയുള്ള 30 ഓളം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് നൽകാൻ കാലതാമസം നേരിട്ടതെന്ന് കോളജ് പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി. തുടർന്ന് സർട്ടിഫിക്കറ്റ് പരാതിക്കാരിക്ക് നൽകിയെന്നും അവർ കമീഷനെ അറിയിച്ചു.
സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസമുണ്ടായതിനാൽ നാട്ടിക ആയുർവേദ ആശുപത്രിയിൽ ലഭിക്കുമായിരുന്ന ജോലി നഷ്ടമായെന്നും പരാതിക്കാരി അറിയിച്ചു. ഇത്തരം കാര്യങ്ങളിൽ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ഡോ. അഞ്ജന ബി. രാജൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.