സംസ്ഥാന ചലച്ചിത്ര പുരസ്കാരം; തളിപ്പറമ്പിനും അംഗീകാരം

തളിപ്പറമ്പ്: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ തളിപ്പറമ്പിലും ആഹ്ലാദമെത്തി. മികച്ച കഥക്കും തിരക്കഥക്കുമുള്ള സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പുരസ്കാരമാണ് തളിപ്പറമ്പിലെ ഷെറി ഗോവിന്ദനെ തേടിയെത്തിയത്. പുരസ്കാരത്തിന് അർഹനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനും ചലച്ചിത്ര അക്കാദമി അംഗവുമായ ഷെറി ഗോവിന്ദൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഭിന്നലിംഗക്കാരുടെയും കണ്ണൂരിലെ കലാകാരന്മാരുടെയും കൂട്ടായ്മയിൽ ഒരുങ്ങിയ സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു. മികച്ച കഥ, തിരക്കഥ എന്നിവക്കുള്ള പ്രത്യേക പുരസ്കാരമാണ് 'അവനോവിലോന'യിലൂടെ ഷെറി ഗോവിന്ദനെ തേടിയെത്തിയത്. ഭിന്നലിംഗക്കാരുടെ ലാറ്റിൻ ദേവതയുടെ നാമമായ അവനോവിലോനയിലൂടെ ഭിന്നലിംഗക്കാരുടെ ജീവിത കഥയാണ് പറയുന്നത്. സന്തോഷ് കീഴാറ്റൂർ നായകനും ആത്മീയ രാജൻ നായികയുമായ ചിത്രത്തിന്റെ നിർമാണം സന്തോഷ് കീഴാറ്റൂരാണ് നിർവഹിച്ചത്. ഷെറിയും ടി. ദീപേഷുമാണ് സംവിധാനം ചെയ്തത്. കണ്ണൂരിലെ 20ഓളം ഭിന്ന ലിംഗക്കാരും അഭിനയിച്ചു. ഇവരെ കൂടാതെ നാടക നടൻ കോക്കാടൻ നാരായണൻ, മാധ്യമ പ്രവർത്തകൻ റിയാസ് എന്നിവർ ട്രാൻസ്ജെൻഡർ വേഷമണിഞ്ഞും ചിത്രത്തിലുണ്ട്. ജലീൽ ബാദുഷ ഛായാഗ്രഹണവും സുനീഷ് വടക്കുമ്പാടൻ കലാസംവിധാനവും നിർവഹിച്ച സിനിമയിലെ മറ്റു അണിയറ പ്രവർത്തകർ ഭിന്നലിംഗക്കാരാണെന്ന പ്രത്യേകതയുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.