പൊതുസ്ഥലത്തുവേണ്ട, മാലിന്യം

-മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ തലശ്ശേരിയിൽ നടപടി കർശനമാക്കുന്നു തലശ്ശേരി: നഗരപരിധിയിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നഗരസഭ നടപടി കർശനമാക്കുന്നു. സമീപ കാലത്ത് നിരവധിയിടങ്ങളിൽ മാലിന്യക്കൂമ്പാരം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് തീരുമാനം. ബസ് സ്റ്റാൻഡിന് സമീപം വൻതോതിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ സ്വകാര്യ സ്ഥലത്ത് വലിച്ചെറിയുന്നതായും കത്തിക്കുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. നഗരസഭയിൽ പ്ലാസ്റ്റിക്കുൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്നതിന് ഹരിതകർമസേന പ്രവർത്തിക്കുന്നുണ്ടെങ്കിലും രജിസ്ട്രേഷൻ എടുക്കുന്നതിനോ പാസ്റ്റിക് ഉൾപ്പെടെ അജൈവമാലിന്യങ്ങൾ ഹരിതകർമസേനക്ക് കൈമാറുന്നതിനോ യൂസർ ഫീ നൽകുന്നതിനോ പല സ്ഥാപനങ്ങളും ഇപ്പോഴും വിമുഖത കാണിക്കുന്നു. അത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. മാലിന്യസംസ്കരണം സംബന്ധിച്ച് നിലവിലുള്ള നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും. ഓടകളിലേക്ക് മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും വീട്ടുടമസ്ഥർക്കെതിരെയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെയും കത്തിക്കുന്നവർക്കെതിരെയും പരിശോധന നടത്തി പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. രാത്രികാല പരിശോധന ഊർജിതമാക്കുന്നതിന് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. കണ്ണൂർ ജില്ല പ്ലാസ്റ്റിക് മുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായി, നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം നഗരസഭ ഉദ്യോഗസ്ഥർ പരിശോധന നടത്തി വൻതോതിൽ നിരോധിത പ്ലാസ്റ്റിക് പിടികൂടിയിരുന്നു. നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ ഉപയോഗിക്കുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങളിൽ ജില്ല കലക്ടറുടെ യോഗതീരുമാന പ്രകാരം വീണ്ടും പരിശോധന നടത്തി കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ നിലവിലുള്ള മാലിന്യക്കൂനകൾ പൊതുജന പങ്കാളിത്തത്തോടെ വാർഡ്‌ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ നഗരസഭയിലെ കണ്ടിൻജന്റ് ജീവനക്കാരുടെയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെയും ഹരിത കർമസേനാംഗങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ശാസ്ത്രീയമായി തരംതിരിച്ച് അടിയന്തരമായി നീക്കം ചെയ്യുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.