കുറുമാത്തൂർ പഞ്ചായത്ത് കാർബൺ ന്യൂട്രലാക്കും

തളിപ്പറമ്പ്: കുറുമാത്തൂർ പഞ്ചായത്ത് കാർബൺ ന്യൂട്രൽ ആക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായി കാർബൺ അളവ് തിട്ടപ്പെടുത്താൻ കുറുമാത്തൂർ പഞ്ചായത്തും കണ്ണൂർ ഗവ. എൻജിനീയറിങ് കോളജും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ആഗോളതാപനം പ്രത്യക്ഷത്തിൽതന്നെ ലോകത്തെ കാലാവസ്ഥ മാറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രകൃതിക്ക് ഏറ്റവും കുറവ് ആഘാതമുണ്ടാക്കുന്ന സമൂഹം എന്ന സങ്കൽപമാണ് കാർബൺ ന്യൂട്രൽ സമൂഹം. ഇത് നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് കുറുമാത്തൂർ പഞ്ചായത്ത്. പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളടെ അളവിന് തുല്യമായി അവ ആഗിരണം ചെയ്ത് ഭൂമിയിലേക്ക് എത്തിക്കുന്ന അവസ്ഥയാണ് കാർബൺ ന്യൂട്രൽ. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായി ഇപ്പോൾ എത്ര കാർബൺ കാൽപാടുണ്ട് എന്ന് കണക്കാക്കാനാണ് കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് സാങ്കേതിക സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇതിനായുള്ള ധാരണപത്രം കുറുമാത്തൂർ പഞ്ചായത്തും കണ്ണൂർ ഗവ. എൻജിനീയറിങ് കോളജും തമ്മിൽ ഒപ്പുവെച്ചു. പഞ്ചായത്തിനുവേണ്ടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. വി.ഒ. രജിനിക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. വിനോദ് കുമാർ, ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ സോമശേഖരൻ, വൈസ് പ്രസിഡന്റ് പാച്ചേനി രാജീവൻ, സ്ഥിരംസമിതി ചെയർപേഴ്സൻ പ്രസന്ന എന്നിവർ സംസാരിച്ചു. പ്രഫ. സുകേഷ്, പ്രഫ. മനു പി. രാജ്, സി.ഡി.എസ് ചെയർപേഴ്സൻ എൻ. റീജ, പി.കെ. കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.