തലശ്ശേരി : ജില്ല ജുഡീഷ്യൽ ആസ്ഥാനമായ തലശ്ശേരിയിൽ പുതിയ കോടതി സമുച്ചയം ഉദ്ഘാടന സജ്ജമാകുന്നു. സംസ്ഥാനത്തെ ഏറ്റവും മനോഹരമായ കോടതി സമുച്ചയാണ് തലശ്ശേരിയിൽ യാഥാർഥ്യമാവുന്നത്. പുതിയ കെട്ടിടം ഡിസംബറിൽ പ്രവർത്തനമാരംഭിക്കുന്നതോടെ നിലവിലെ പൈതൃക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി, മുൻസിഫ് കോടതി, ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഒഴികെയുള്ള മറ്റെല്ലാ കോടതികളും പുതിയ സമുച്ചയത്തിലേക്ക് മാറും.
ദേശീയപാതക്കരികിലാണ് നാലേക്കർ ഭൂമിയിൽ എട്ടു നിലയിൽ ആർച്ച് മാതൃകയിൽ പണിത മനോഹരമായ കെട്ടിടമുള്ളത്. 1802ലാണ് തലശ്ശരി കോടതി ആരംഭിക്കുന്നത്. കൂർഗ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ തലശ്ശേരി കോടതിയുടെ അധികാര പരിധിയിലായിരുന്നു. നിലവിൽ 14 കോടതികളാണ് തലശ്ശേരിയിലുള്ളത്.
ഇവയിൽ നാല് അഡീഷനൽ ജില്ല കോടതികൾ, കുടുംബ കോടതി, മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ, പോക്സോ സ്പെഷൽ കോടതി, രണ്ട് അസിസ്റ്റന്റ് സെഷൻസ് കോടതികൾ, രണ്ട് മജിസ്ട്രേറ്റ് കോടതികൾ എന്നിവക്കൊപ്പം ടൗൺഹാൾ പരിസരത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിജിലൻസ് കോടതിക്കും വ്യവസായ ട്രൈബ്യൂണലിന്റെ ക്യാമ്പ് സിറ്റിങ്ങിനും കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്കായി അനുവദിച്ച കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനും പുതിയ സമുച്ചയത്തിൽ ഓഫിസുണ്ടാകും. എൻ.ഡി.പി.എസ് കോടതിയും ഇവിടെ പ്രവർത്തനമാരംഭിക്കും.
ഹൈകോടതി സമുച്ചയത്തോട് കിടപിടിക്കാവുന്നതാണ് ഈ കെട്ടിടം. കിഫ്ബി ഫണ്ടിൽ നിന്നുള്ള 56 കോടി രൂപ ചെലവിലാണ് പുതിയ എട്ട് നില കെട്ടിടം പണിതത്. 136 മുറികളുണ്ട്. കാറ്റും വെളിച്ചവും കടന്നെത്തുന്ന വിധത്തിലാണ് മുറികൾ ക്രമീകരിച്ചിരിക്കുന്നത്. ജുഡീഷ്യൽ ഓഫിസർമാർ, അഭിഭാഷകർ, വനിത അഭിഭാഷകർ എന്നിവർക്കുള്ള വിശ്രമ മുറി, പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസ്, ഡി.ഡി.പി ആൻഡ് എ.പി.പി ഓഫിസുകൾ, അഭിഭാഷക ഗുമസ്തന്മാർക്കുള്ള മുറി, ഓരോ നിലയിലും സാക്ഷികൾക്കായുള്ള വിശ്രമ മുറികൾ, ബാങ്ക്, പോസ്റ്റ് ഓഫിസ്, കാന്റീൻ തുടങ്ങിയവയെല്ലാം പുതിയ കെട്ടിടത്തിൽ ക്രമീകരിക്കും. കോടതികളിൽ കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാർക്കായി മുലയൂട്ടൽ കേന്ദ്രവും ഒരുക്കുന്നുണ്ട്. സോളാർ പാനൽ ഉപയോഗിച്ച് കെട്ടിടത്തിലേക്ക് മുഴുവൻ ആവശ്യമായ വൈദ്യുതിയും ഉൽപാദിപ്പിക്കും.
രണ്ട് ലക്ഷം ലിറ്ററിന്റെ മഴവെള്ള സംഭരണിയാണ് ഇവിടെ ഒരുക്കുന്നത്. ജല അതോറിറ്റിയുടെ 1.70 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയും രണ്ട് ലക്ഷം ലിറ്ററിന്റെ ഫയർ ടാങ്കും സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടം നേരത്തെ പൂർത്തിയായെങ്കിലും ഇലക്ട്രിക്കൽ വർക്കും ലിഫ്റ്റ് നിർമാണവുമടക്കം അൽപം വൈകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.