കേളകം: കൊട്ടിയൂരിലെ നെല്ലിയോടിയിലെ പന്നിഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് നെല്ലിയോടിയിലെ എം.ടി. കിഷോറിന്റെ റോയൽ പിഗ് ഫാം എന്ന പന്നിഫാമിലേതുൾപ്പെടെ 193 പന്നികളെ പ്രത്യേക ദൗത്യസംഘം മാർഗനിർദേശപ്രകാരം കൊന്നൊടുക്കി.
കൂടാതെ, മറ്റു രണ്ട് ഫാമുകളിലെ പന്നികളെയും കൊന്നൊടുക്കി. കള്ളിങ്ങിനു വേണ്ട കുഴികൾ ചൊവ്വാഴ്ച തയാറാക്കിയിരുന്നു. വെറ്ററിനറി ഡോക്ടർമാർ, അസി. ഫീൽഡ് ഓഫിസർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, മറ്റു ജീവനക്കാർ എന്നിവരടങ്ങിയ 48 അംഗങ്ങളുള്ള റാപ്പിഡ് റെസ്പോൺസ് ടീമാണ് കള്ളിങ്ങിന് നേതൃത്വം നൽകിയത്. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. വി. പ്രശാന്തിന്റെയും ചീഫ് വെറ്ററിനറി ഓഫിസർ ഡോ. പി. ബിജുവിന്റെയും നേതൃത്വത്തിലായിരുന്നു പ്രത്യേക ദൗത്യസംഘം. കൊട്ടിയൂർ പഞ്ചായത്തിലെ ഒമ്പത്,10 വാർഡുകളിലായുള്ള ഫാമുകളിലും കൂടി 193പന്നികളെയാണ് ഉന്മൂലനം ചെയ്തത്.
മൂന്ന് സംഘങ്ങളായാണ് റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തിച്ചത്. ദയാവധം, സംസ്കാരം എന്നിവക്കായി ഒരു സംഘവും,പരിസര ശുചീകരണം, അണുന ശീകരണം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾക്കാണു രണ്ടാമത്തെയും, രോഗനിരീക്ഷണത്തിനായി മൂന്നാമത്തെയും സംഘമാണ് ഉണ്ടായിരുന്നത്.
രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽനിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചു.
കൊട്ടിയൂർ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നിഫാമുകളിൽനിന്ന് മറ്റു ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് പരിശോധിക്കും.
മറ്റു സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റു പ്രവേശന മാർഗങ്ങളിലും പൊലീസുമായും ആർ.ടി.ഒയുമായും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തും.
ഡോ. കിരൺ വിശ്വനാഥ്, വെറ്ററിനറി സർജൻ ഡോ. പി.എൻ. ഷിബു, ഡോ. ജോൺസൺ പി. ജോൺ, ഡോ. റിജിൻ ശങ്കർ, ജില്ല കോഓഡിനേറ്റർ ഡോ. കെ.എസ്. ജയശ്രീ, ഡോ. ആരമ്യ തോമസ് എന്നിവരാണ് വിവിധ ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.