വൈസ്​ ചാൻസലറുടെ പുനർ നിയമനം റദ്ദാക്കണം -മുസ്​ലിം ലീഗ്​

കണ്ണൂർ: അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതവും ബന്ധുനിയമന വിവാദങ്ങളും കൊണ്ട് ഉന്നതവിദ്യാഭ്യാസരംഗത്ത് അവമതിപ്പുണ്ടാക്കിയ ഡോ. ഗോപിനാഥ് രവീന്ദ്ര​ൻെറ പുനർനിയമനം റദ്ദ് ചെയ്യണമെന്ന്​ കണ്ണൂർ ജില്ല മുസ്‌ലിംലീഗ് ഭാരവാഹികളുടെയും മണ്ഡലം പ്രസിഡൻറ്​, ജനറൽ സെക്രട്ടറിമാരുടെ യോഗം ആവശ്യപ്പെട്ടു. ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമായി അനധികൃത നിയമനം കാത്തുനിൽക്കുന്ന സി.പി.എം പ്രവർത്തകർക്ക് പിൻവാതിൽ നിയമനം ഉറപ്പുവരുത്തുന്നതിനാണ്​ പുനർനിയമനമെന്നും യോഗം ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിന് അനധികൃത നിയമനം നടത്തി ഉദ്യോഗാർഥികളെ വിഡ്​ഢികളാക്കിയ നിലപാടാണ് വൈസ് ചാൻസലറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. യൂനിവേഴ്​സിറ്റിയിൽ പുതുതായി നടക്കാനിരിക്കുന്ന ഉന്നത തസ്തികകളിൽ ഉൾപ്പെടെയുള്ള നിയമനങ്ങൾ അനധികൃതമായി നടത്താനുള്ള ശ്രമത്തി​ൻെറ ഭാഗമായാണ് ചട്ടങ്ങൾ കാറ്റിൽ പറത്തി വി.സിക്ക് പുനർനിയമനം നൽകിയത്. വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിട്ട കേരള സർക്കാർ തീരുമാനത്തിനെതിരെയുള്ള മുസ്​ലിംലീഗ് പ്രക്ഷോഭത്തി​ൻെറ ഭാഗമായി ഡിസംബർ നാലിന് ജില്ലയിലെ അഞ്ച് താലൂക്ക് ഓഫിസുകളിലേക്ക് മാർച്ച് നടത്താനും യോഗം തീരുമാനിച്ചു. റീജനൽ അസംബ്ലിയുടെ രണ്ടാംഘട്ടമായി ജില്ലയിലെ മുഴുവൻ പാർട്ടി ജനപ്രതിനിധികളുടെയും സംഗമം ഡിസംബർ 11ന് കണ്ണൂരിൽ നടത്തും. പി. അബ്​ദുൽ ഹമീദ് എം.എൽ.എ യോഗം ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ അഡ്വ. എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. അബ്​ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അബ്​ദുറഹിമാൻ കല്ലായി, ജില്ല ഭാരവാഹികളായ വി.പി. വമ്പൻ, എൻ.എ.അബൂബക്കർ മാസ്​റ്റർ, ടി.എ. തങ്ങൾ, കെ.ടി. സഹദുല്ല, അഡ്വ.കെ.എ. ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി. താഹിർ, എം.പി.എ. റഹീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.