ഇരിക്കൂറിലെ ടൂറിസം സര്‍ക്യൂട്ട്: പ്രത്യേക പദ്ധതികൾ നടപ്പാക്കും

ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളായ പാലക്കയം തട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പൈതൽമല, കാഞ്ഞിരക്കൊല്ലി, മതിലേരിതട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വികസനത്തിനുള്ള പ്രത്യേക പദ്ധതികൾ തയാറാക്കി വരുന്നതായി മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എ.യുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ടൂറിസം മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലക്കയംതട്ടില്‍ നിലവില്‍ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ പരിപാലിച്ചുവരുന്ന യൂനിറ്റില്‍ കൂടുതൽ സൗകര്യം ഉൾപ്പെടുത്തി പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും നവീകരണ പ്രവൃത്തി അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. ഇരിക്കൂറിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ കോര്‍ത്തിണക്കി ടൂറിസം സര്‍ക്യൂട്ട് പരിഗണിക്കണമെന്ന ആവശ്യമാണ് എം.എൽ.എ ഉന്നയിച്ചത്. ഈ കേന്ദ്രങ്ങളിലേക്കുള്ള പ്രധാന റോഡുകളുടെ നവീകരണം ത്വരിതഗതിയിലാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. വനംവകുപ്പിന് കീഴിലുള്ള പൈതല്‍മല, കാഞ്ഞിരക്കൊല്ലി, അളകാപുരി വെള്ളച്ചാട്ടം എന്നിവിടങ്ങളില്‍ പരിസ്ഥിതി സൗഹൃദ പദ്ധതികൾ വനംവകുപ്പ് തയാറാക്കി വരുകയാണ്. കാഞ്ഞിരക്കൊല്ലിയിലെ വിശ്രമകേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടി അവസാനഘട്ടത്തിലാണെന്നും കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാധ്യതകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ മലയോരത്തെ ടൂറിസം വികസനത്തിൽ വൻ കുതിപ്പുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.