മണ്ണിട്ടുമൂടിയ ഓവുചാൽ പൂർവ സ്ഥിതിയിലാക്കിയില്ല; സ്ഥലം ഉടമ നിയമനടപടിക്ക്

ഇരിട്ടി: നവീകരണം പൂർത്തിയാക്കിയ തലശ്ശേരി- വളവുപാറ കെ.എസ്.ടി.പി റോഡിൽ കിളിയന്തറയിൽ പുതുതായി നിർമിച്ച ഓവുചാൽ മണ്ണിട്ടുമൂടി. റോഡിന്റെയും ഓവുചാലിന്റെയും നിർമാണ പ്രവൃത്തിക്കിടെ കരാർ കമ്പനി സബ് ടെൻഡർ നൽകി നിർമാണ പ്രവ്യത്തി നടത്തിയവരാണ് ഓവുചാൽ മൂടിയത്. നിർമാണ പ്രവൃത്തിക്കിടെ ഉണ്ടാകുന്ന കല്ലും മണ്ണും ഉൾപ്പെടെയുള്ള ഉപയോഗശൂന്യമായ വസ്തുക്കൾ താൽക്കാലികമായി തള്ളുന്നതിന് റോഡരികിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലം ഉപയോഗപ്പെടുത്തിയിരുന്നു. നിർമാണ പ്രവൃത്തി കഴിഞ്ഞിട്ടും മാലിന്യങ്ങൾ പറമ്പിൽ നിന്നും നീക്കാൻ നടപടിയുണ്ടായില്ല. ഇതിനെ തുടർന്ന സ്ഥലം ഉടമ നിർമാണ കമ്പനിക്കെതിരെ പൊലീസിനെ സമീപിച്ചു. പൊലീസുമായി നടത്തിയ ചർച്ചയിൽ പറമ്പിൽനിന്നും പത്തു ദിവസത്തിനുള്ളിൽ മാറ്റാമെന്ന ഉറപ്പും നൽകി. ഈ ഉറപ്പ് പാലിക്കുന്നതിന്റെ ഭാഗമായി പുതുതായി നിർമിച്ച ഓവുചാൽ സ്ലാബിട്ട് മൂടുന്നതിനു പകരം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂട്ടിയിട്ട മാലിന്യങ്ങളും കൂറ്റൻ കല്ലുകളും ഉൾപ്പെടെ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് ഓവുചാലിലേക്ക് തള്ളി നിരപ്പാക്കുകയായിരുന്നു. ലക്ഷങ്ങൾ മുടക്കി നിർമിച്ച ഓവുചാലിന്റെ 200 മീറ്ററോളം ഭാഗം മൂടി. സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്ന ഭാഗത്തെ ഓവുചാൽ പുനഃസ്ഥാപിച്ചു തരണമെന്നു കാണിച്ച് കരാർ കമ്പനിക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് സ്ഥലം ഉടമ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.