കണ്ണൂർ: ജലാശയങ്ങളിലും കണ്ടൽക്കാടുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും കക്കൂസ് മാലിന്യം തള്ളി കടന്നുകളയുന്ന സംഘങ്ങൾ വ്യാപകം. ഇതിനായി ടാങ്കർ ലോറികളുമായി ഒരു മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞദിവസം താഴെചൊവ്വ കീഴ്ത്തള്ളിയിൽ കക്കൂസ് മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച യുവാവിനെ നാലംഗസംഘം കുത്തിക്കൊല്ലാൻ ശ്രമിച്ചിരുന്നു. സംഭവത്തിൽ മൂന്ന് പേർ തിങ്കളാഴ്ച അറസ്റ്റിലായി.
എറണാകുളം പള്ളുരുത്തി സ്വദേശി മാടശ്ശേരി പറമ്പിൽ ഷിഹാസ് ഷക്കീർ (27), കണ്ണൂർ സിറ്റി നാലുവയലിലെ സൽമാനുൽ ഫാരിസ്(30), തിരുനെൽവേലി വസുദേവനഗറിലെ ജെ. ശരൺ രാജ (35)എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നിർദേശപ്രകാരം എസ്.ഐ സവ്യ സചിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷാരൂണിനെയാണ് സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് വയറിലും കൈക്കും കുത്തി പരിക്കേൽപ്പിച്ചത്. സാരമായി പരിക്കേറ്റ ഷാരൂൺ ആശുപത്രിയിൽ ചികിത്സയിലാണ്.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ലോറിയിലുള്ളവരെ തടഞ്ഞുവെക്കുകയായിരുന്നു. ഒരാൾ ഓടിരക്ഷപ്പെട്ടു. കക്കൂസ് മാലിന്യം തള്ളുന്നത് ശ്രദ്ധിൽപ്പെട്ട് തടയുകയോ പ്രതികരിക്കുകയോ ചെയ്യുന്നവരെ കൈകാര്യം ചെയ്യാനായി ബൈക്കിൽ ലോറിക്ക് അകമ്പടി സംഘവുമായാണ് ഇത്തരക്കാർ എത്തുന്നത്. ബൈക്കിലും കാറിലും റോന്തുചുറ്റി മാലിന്യം ഒഴുക്കിവിടാനുള്ള സ്ഥലം കണ്ടെത്തും. ആളുകളും പൊലീസും ഇല്ലെന്ന് ഉറപ്പാക്കിയശേഷമാണ് ടാങ്കറിൽനിന്ന് പൈപ്പുവഴി ഒഴുക്കിവിടൽ. മറ്റ് വാഹനങ്ങളിലുള്ളവരോ നാട്ടുകാരോ പ്രതികരിക്കാനെത്തിയാൽ ആയുധങ്ങളുമായി അക്രമിച്ച് കടന്നുകളയും.
മറ്റ് ജില്ലകളിൽനിന്ന് ശേഖരിച്ച കക്കൂസ് മാലിന്യം പോലും ഇവിടെ ഒഴുക്കിവിടുന്നുണ്ട്. കഴിഞ്ഞദിവസം തളിപ്പറമ്പ് പൂന്തുരുത്തി തോട്ടില്‍ കക്കൂസ് മാലിന്യം തള്ളി ഭ്രാന്തൻ കുന്ന് ഭാഗത്തെ സ്ട്രീറ്റ് നമ്പർ നാലിൽ നിന്നാണ് കക്കൂസ് മാലിന്യം തള്ളിയത്.
താഴെചൊവ്വ, ചാല ബൈപാസ് എന്നിവിടങ്ങളിൽ അസഹനീയമായ ദുർഗന്ധമാണ്. കൊടുവള്ളി കണ്ടൽക്കാടുകൾക്കിടയിൽ കക്കൂസ് മാലിന്യം തള്ളൽ നിത്യസംഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.