കണ്ണൂർ: അശാസ്ത്രീയ മാലിന്യസംസ്കരണവും പ്ലാസ്റ്റിക് കത്തിക്കലും തുടരുന്നതോടെ നടപടി ശകതമാക്കി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ്. അന്തർസംസ്ഥാന തൊഴിലാളികൾക്ക് വാടകക്ക് നൽകിയ ക്വാർട്ടേസിനോട് ചേർന്ന് പ്ലാസ്റ്റിക് കത്തിക്കാൻ പ്രത്യേകം സംവിധാനമൊരുക്കിയ ഉടമക്ക് അരലക്ഷം രൂപ പിഴയീടാക്കി. അജൈവ മാലിന്യം പ്രത്യേകം ഷെഡ് നിർമിച്ച് പൊതുജനാരോഗ്യത്തിന് ഭീഷണിയായ രീതിയിൽ തുടർച്ചയായി കത്തിച്ചതിന് പാറാട് പോതിക്കണ്ടി ക്വാർട്ടേഴ്സ് ഉടമ അബ്ദുല്ല ഹാജിക്കാണ് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തിയത്.
ക്വാർട്ടേഴ്സിൽ നിന്നുള്ള മാലിന്യം അതിനടുത്തുള്ള വിജനമായ വയൽക്കരയിൽ കെട്ടിയുണ്ടാക്കിയ സംവിധാനത്തിൽ കത്തിക്കുന്ന രീതിയാണ് കണ്ടെത്തിയത്. തൊട്ടടുത്ത് തോടിനോട് ചേർന്ന് വെള്ളം കെട്ടിക്കിടക്കുന്ന വയലിലും പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണപ്പൊതികൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവ വലിച്ചെറിഞ്ഞതായി കണ്ടെത്തി. പ്ലാസ്റ്റിക് കത്തിച്ചതിനും ജലാശയം മലിനപ്പെടുത്തിയതിനും പഞ്ചായത്തിരാജ് ആക്ട് അനുസരിച്ച് പിഴ ചുമത്തി തുടർനടപടി സ്വീകരിക്കാൻ കുന്നോത്തുപറമ്പ് പഞ്ചായത്തിന് നിർദേശം നൽകി.
പരിശോധനയിൽ ജില്ല എൻഫോഴ്സ്മെൻറ് ടീം ലീഡർ ഇ.പി. സുധീഷ, എൻഫോഴ്സ്മെൻറ് ഓഫിസർ കെ.ആർ. അജയകുമാർ, ഷെരീകുൽ അൻസാർ, ടി.കെ. സെമീം, എസ്. ജിഷിന എന്നിവർ പങ്കെടുത്തു. പടിയൂർ കല്യാട് പഞ്ചായത്തിൽ ഇരിട്ടി-തളിപ്പറമ്പ് റോഡിൽ മണ്ണൂർ പാലത്തിനോട് ചേർന്ന് തള്ളിയ മാലിന്യത്തിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ട് വ്യക്തികൾക്ക് എൻഫോഴ്സ്മെൻറ് സ്ക്വാഡ് പിഴ ചുമത്തി. നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിന് നിർദേശം നൽകി. ചെടയങ്ങാട് മണ്ണൂർ പാലത്തിന് സമീപം പുഴയോരത്ത് വ്യാപകമായി മാലിന്യം തള്ളുന്നുവെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ജില്ല സ്ക്വാഡും പഞ്ചായത്ത് വിജിലൻസ് ടീമും പരിശോധനക്ക് എത്തിയത്. മാലിന്യ കെട്ടുകളിൽനിന്ന് കണ്ടെടുത്ത തെളിവുകൾ പ്രകാരം ടി. അബ്ദുൽ കബീർ, എം. ആബിദ എന്നിവർക്കാണ് യഥാക്രമം 10,000, 5,000 രൂപ വീതം പിഴ ചുമത്തിയത്.
രണ്ടു പേരും സ്വന്തം ചെലവിൽ മാലിന്യം നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്മെൻറ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, പഞ്ചായത്ത് അസി. സെക്രട്ടറി എ.എം. അശോകൻ, വി. രാജശ്രീ, കെ. ശശി, സി.കെ. ദിബിൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.