കൊട്ടിയൂർ: വന്യജീവി വളർത്തുനായെ ആക്രമിച്ച് പരിക്കേൽപിച്ചു. പാൽച്ചുരം പുതിയങ്ങാടി മേമലയിലെ താന്നിവയലിൽ സിജുവിന്റെ വളർത്തുനായെയാണ് വന്യജീവി ആക്രമിച്ചത്. ആക്രമിച്ചത് പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് പാൽച്ചുരം പുതിയങ്ങാടി മേമലയിലെ താന്നുവയലിൽ സിജുവിന്റെ വളർത്തുനായെ വന്യജീവി ആക്രമിച്ചത്.
വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന സിജു, നായുടെ ശബ്ദം കേട്ട് ഉണർന്നപ്പോഴേക്കും വന്യജീവി സ്ഥലംവിട്ടു. നായുടെ ദേഹത്ത് നടത്തിയ പരിശോധനയിലാണ് കൈക്ക് മുകളിലും കഴുത്തിനുമായി മുറിവ് കണ്ടത്. ഇതേ തുടർന്ന് കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഇൻ ചാർജ് മഹേഷ്, ബീറ്റ് ഓഫിസർമാരായ ഷിജിൻ, ഷൈജു, വനംവകുപ്പ് വാച്ചർമാരായ ബിനോയ്, തോമസ് എന്നിവർ സ്ഥലത്തെത്തി നായെ പരിശോധിച്ചു. പുലിയാണ് ആക്രമിച്ചതെന്ന് പരിശോധനക്കുശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചുങ്കക്കുന്ന് വെറ്ററിനറി സർജൻ ഡോ. വർഗീസ് നായ്ക്ക് ചികിത്സ നൽകി. എന്നാൽ, പുതിയങ്ങാടി മേമലയിൽ തുടർച്ചയായി പുലിയുടെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത നിലപാടിൽ പ്രതിഷേധിച്ച് നാട്ടുകാർ റേഞ്ചർ സ്ഥലത്തെത്തണമെന്ന് നിർദേശിച്ചു. ഇതേ തുടർന്ന് കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫിസർ സുധീർ നരോത്ത് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു.
15 ദിവസം സ്ഥലത്ത് നിരീക്ഷണം ഏർപ്പെടുത്താമെന്നും പ്രദേശങ്ങളിൽ കാമറ സ്ഥാപിക്കാമെന്നും റേഞ്ച് ഓഫിസർ നാട്ടുകാരെ അറിയിച്ചെങ്കിലും അവർ സമ്മതിച്ചില്ല. എന്നാൽ, പരിക്കേറ്റ നായെ വനംവകുപ്പ് സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചെങ്കിലും ആദ്യം റേഞ്ചർ വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതം അറിയിച്ചു.
ഇതേ തുടർന്ന് പരിക്കേറ്റ നായെ കണ്ടപ്പുനത്തെ വനംവകുപ്പിന്റെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റി. പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്താനും കാമറ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഇതിനുമുമ്പും വളർത്തുനായെ പുലി പിടിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.