അഞ്ചരക്കണ്ടി: പ്രദേശങ്ങളിലെ 67 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ. ഊർപ്പള്ളി എൽ.പി സ്കൂളിൽ ക്യാമ്പിൽ 37ഓളം കുടുംബങ്ങളാണ് നിൽക്കുന്നത്. കീഴല്ലൂർ ടൗണിലെയും പരിസര പ്രദേശങ്ങളിലെയും 37 കുടുംബങ്ങളാണ് ക്യാമ്പിൽ കഴിയുന്നത്. കീഴല്ലൂർ ശിശുമന്ദിരം, ഹോമിയോ ആശുപത്രികളിലെ ക്യാമ്പുകളിലാണ് കഴിയുന്നത്. മഴക്ക് ശമനമില്ലാത്തതിനാൽ വീടുകളിലേക്ക് മടങ്ങാനാവാത്ത സ്ഥിതിയാണ്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ചാലിപറമ്പ് കെ.എൻ. മുഹമ്മദിന്റെ വീട്ടുമതിൽ മഴയിൽ ഇടിഞ്ഞുവീണു. റോഡിനോട് ചേർന്നുള്ള മതിലാണ് ഇടിഞ്ഞത്. കുറുമാത്തൂർ അംഗൻവാടിക്ക് സമീപം ഷനിൽകുമാറിന്റെ വീടിനു പിറകിലെ കൂറ്റൻമൺകുന ഇടിഞ്ഞു വീണു. അടുക്കള വശത്തെ ഷീറ്റിന്റെ ഭാഗം തകർന്നു. ഭീമൻ മൺകൂനകളാണ് അടർന്നു വീണത്.
വേങ്ങാട് പഞ്ചായത്ത് മുസ് ലിം ലീഗ് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ചാലിപറമ്പ് രിഫാഇയ്യ മസ്ജിദ് പൂർണമായും ശുചീകരിച്ചു. ചാലിപറമ്പ്, കുറുവാത്തൂർ, ചാമ്പാട്, മൂസ്സക്കോളനി, അങ്ങാടി തുടങ്ങി നിരവധി സ്ഥലങ്ങളിൽ രണ്ടു ദിവസമായി പൂർണമായും വൈദ്യുതി നിലച്ചിരിക്കുകയാണ്. ജനജീവിതം കൂടുതൽ ദുസഹമായിട്ടുണ്ട്.
പാനൂർ: കനത്ത മഴയെത്തുടർന്ന് വീടിന്റെ ഒരു ഭാഗം തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിലാണ് തെക്കേ പാനൂർ ഇല്ലത്ത് ഉപ്പുകണ്ടിയിൽ മുഹമ്മദിന്റെ വീടിന്റെ ഒരു ഭാഗം തകർന്നത്. അടുക്കള, കുളിമുറി ഭാഗങ്ങളാണ് ഉഗ്ര ശബ്ദത്തിൽ തകർന്നു വീണത്. കുട്ടികളടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ടതിനെ തുടർന്ന് ഓടി മാറിയതിനാൽ വൻ അപകടമൊഴിവായി. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. വാട്ടർ ടാങ്കും നിലംപൊത്തി.
സ്ഥലം വാർഡ് കൗൺസിലർ നസീല കണ്ടിയിൽ, വികസന സമിതി അംഗങ്ങളായ നിധിൻ ആദർശ്, സത്യൻ, ടി.കെ രാഗേഷ്, കെ.കെ. രാജൻ, വില്ലേജ് ഓഫിസർ ബാബു, ആശ വർക്കർ മഹിജ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.
കണ്ണപുരം: പാലത്തിന് സമീപം കനത്ത മഴയിൽ മരമിൽ തകർന്നു. എ.വി സുബൈറിന്റെ ഉടമസ്ഥതയിലുള്ള ഓറിയന്റൽ ടിംബർ ആൻഡ് വുഡ്മിൽ ഇൻഡസ്ട്രീസാണ് തകർന്നത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ആളപായമില്ല.
പാനൂർ: കനത്ത മഴയെത്തുടർന്ന് വീടിന്റെ ഒരു ഭാഗം തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിലാണ് തെക്കേ പാനൂർ ഇല്ലത്ത് ഉപ്പുകണ്ടിയിൽ മുഹമ്മദിന്റെ വീടിന്റെ ഒരു ഭാഗം തകർന്നത്. അടുക്കള, കുളിമുറി ഭാഗങ്ങളാണ് ഉഗ്ര ശബ്ദത്തിൽ തകർന്നു വീണത്. കുട്ടികളടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ടതിനെ തുടർന്ന് ഓടി മാറിയതിനാൽ വൻ അപകടമൊഴിവായി. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. വാട്ടർ ടാങ്കും നിലംപൊത്തി. സ്ഥലം വാർഡ് കൗൺസിലർ നസീല കണ്ടിയിൽ, വികസന സമിതി അംഗങ്ങളായ നിധിൻ ആദർശ്, സത്യൻ, ടി.കെ രാഗേഷ്, കെ.കെ. രാജൻ, വില്ലേജ് ഓഫിസർ ബാബു, ആശ വർക്കർ മഹിജ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.
തലശ്ശേരി: ശക്തമായ മഴയിൽ എരഞ്ഞോളിയിൽ കിണർ ഇടിഞ്ഞു. എരഞ്ഞോളി പാറക്കെട്ടിലെ വട്ടക്കണ്ടി തിരുവോത്ത് ദിവാകരന്റെ വീട്ടുകിണറാണ് ഇടിഞ്ഞത്. ബുധനാഴ്ച പുലർച്ചയാണ് സംഭവം. 22 അടി താഴ്ചയുള്ള കിണറിന്റെ കല്ലുകൊണ്ട് കെട്ടിയ പടവ് അടക്കമാണ് ഇടിഞ്ഞുതാഴ്ന്നത്. ഉഗ്രശബ്ദത്തോടെ കിണർ ഇടിഞ്ഞ് താഴുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ സംഭവസ്ഥലം സന്ദർശിച്ചു.
പെരിങ്ങാടി: മാങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കണ്ടോത്ത് നാണുവിന്റെ വീട്ടു മതിൽ മഴയിൽ തകർന്നു വീണു.
മാഹി: കാലവർഷം കനത്തതോടെ യാത്രാ ദുരിതത്തിലായി പൂഴിത്തല ശ്രീ കൃഷ്ണ ക്ഷേത്ര റോഡ്. തോടിന് സമാനമായ റോഡിന്റെ ശോച്യാവസ്ഥയും വെള്ളക്കെട്ടും മൂലം പരിസരത്തുള്ള വീട്ടുകാരും യാത്രക്കാരുമെല്ലാം ദുരിതത്തിലാണ്. മാഹി ഹോസ്പിറ്റൽ, പി.കെ രാമൻ സ്കൂൾ, ശ്രീ കൃഷ്ണക്ഷേത്രം, ഏ.കെ.ജി റോഡ് എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. ഓടകളിൽ നിറഞ്ഞ മണ്ണ് കൃത്യമായി നീക്കം ചെയ്യാത്തതാണ് റോഡ് തോടായി മാറാൻ കാരണമായത്.
രാത്രിസമയങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവായിട്ടും റോഡ് സഞ്ചാരയോഗ്യമാക്കാൻ നഗരസഭയുടെ ഭാഗത്ത് നിന്ന് നടപടിയില്ലാത്തതാണ് ഇത് വഴി സഞ്ചരിക്കുന്നവരുടെ പ്രതിഷേധത്തിന് കാരണം. റോഡിന്റെ ശോചനീയാവസ്ഥയും വെള്ളക്കെട്ടും അടിയന്തരമായി പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടു.
പാനൂർ: കനകമലയുടെ ചെരുവിൽ മണ്ണിടിച്ചലുണ്ടായി. സംഭവവിവരമറിഞ്ഞ് വില്ലേജ് ഓഫിസർ സ്ഥലത്തെത്തി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചു. കനകമലയിൽ ഉരുൾപൊട്ടാനുള്ള സാഹചര്യമുണ്ടോയെന്നത് പരിശോധിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വില്ലേജ് ഓഫിസർ റിപ്പോർട്ട് തയാറാക്കി നൽകിയിട്ടുണ്ട്. ജില്ല കലക്ടറടക്കമുള്ളവരുടെ നിരീക്ഷണത്തിലായിരുക്കും തുടർ നടപടികൾ സ്വീകരിക്കുക.
പാനൂർ: നരിക്കോട് മല സാംസ്കാരിക കേന്ദ്രത്തിന് സമീപം അപകട ഭീഷണിയിലായിരുന്ന താനി മരം പഞ്ചായത്തധികൃതരുടെ നേതൃത്വത്തിൽ മുറിച്ചു മാറ്റി.
അഞ്ചരക്കണ്ടി: കീഴല്ലൂർ ഡാമിലെ ഷട്ടറുകൾ പൂർണമായും തുറക്കാത്തതാണ് ചാലിപറമ്പ് പ്രദേശത്തെ വീടുകളിൽ വ്യാപകമായി വെള്ളം കയറിയതെന്ന് നാട്ടുകാർ. കീഴല്ലൂർ ഡാമിലെ അഞ്ച് ഷട്ടറുകളിൽ നാലെണ്ണം മാത്രമാണ് തുറന്നത്. ഒരു ഷട്ടർ മുഴുവനായും തുറക്കാത്തതിനാൽ വെള്ളം ഡാമിൽ കൂടുതലായും നിൽക്കുകയും വയച്ചേരി ഭാഗത്തെ വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു.
കുത്തിയൊലിച്ച വെള്ളത്തിന്റെ ശക്തിയിൽ വയച്ചേരി റോഡ് പൂർണമായും തകരുകയും ടാറിങ് ഇളകി തെറിക്കുകയും ചെയ്തു. ഇത് വരെ വെള്ളം കയറാത്ത വീടുകളിലാണ് ചൊവ്വാഴ്ച വെള്ളം കയറിയത്. ഡാമിന്റെ ഷട്ടർ ഉയർത്താത്തതാണ് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഷട്ടർ ഉയർത്താത്ത വാട്ടർ അതോറിറ്റി അധികൃതരുടെ നടപടിക്കെതിരെ കലക്ടർക്ക് പരാതി കൊടുക്കുമെന്ന് വാർഡ് മെംബർ ജസ് ലീന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.