ആറളം ഫാമിൽ വീണ്ടും കാട്ടാന ഒരാളെ കൊന്നു

കേളകം (കണ്ണൂർ): ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. ആറളം ഫാം പുനരധിവാസ മേഖല പത്താം ബ്ലോക്കിലെ കോരന്റെ മകൻ രഘു(43)വിനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. സുഹൃത്തിനോടൊപ്പം വിറക് ശേഖരിക്കാൻ പോകുമ്പോൾ വീടിനു സമീപത്തുനിന്നാണ് രഘു ആനയുടെ മുന്നിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ച ഒന്നരയോടെയാണ് സംഭവം. ഫാമിന്റെ അതിർത്തിയിൽ വന്യജീവി സങ്കേതം കടന്നെത്തിയ കാട്ടാനയാണ് രഘുവിന്റെ ജീവനെടുത്തത് .

വനം വകുപ്പിന്റെ റാപ്പിഡ് റസ്പോൺസ് വിഭാഗം ഇയാളെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണപ്പെട്ടിരുന്നു. തുടർന്ന് കനത്ത പൊലീസ് സുരക്ഷയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിന്നും മൃതദേഹം ആംബുലൻസിൽ പരിയാരത്തേക്ക് നീക്കാനുള്ള പൊലീസിന്റെ നീക്കത്തിനിടെ കാട്ടാന ശല്യം തടയാനുള്ള നടപടികൾ സ്വീകരിക്കാത്ത സർക്കാർ നടപടിക്കെതിരെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി വാക്കേറ്റം ഉണ്ടായി.

ആറളം ഫാമിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നാലു പേരാണ് കാട്ടാന അക്രമത്തിൽ കൊല്ലപ്പെടുന്നത്. ഇതോടെ കഴിഞ്ഞ എട്ടുവർഷത്തിനിടെ ആറളം ഫാമിലും സമീപ പ്രദേശങ്ങളിലുമായി കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. ശനിയാഴ്ച പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ആറളം ഫാമിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും. ഭാര്യ: പരേതയായ ബീന. മക്കൾ രഹിന, രഞ്ജിനി, വിഷ്ണു.

Tags:    
News Summary - Another wild boar killed a man in Aralam Farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 04:14 GMT