കണ്ണൂർ: വാരം ചതുരക്കിണറിൽ ഒട്ടകപ്പുറത്തുകയറി വരനെത്തിയ കല്യാണാഘോഷവുമായി ബന്ധപ്പെട്ട് ഒടുവിൽ പൊലീസ് കേസ്. വളപട്ടണം സ്വദേശിയായ വരൻ റിസ്വാനും സുഹൃത്തുക്കളായ കണ്ടാലറിയാവുന്ന 25 പേർക്കെതിരെയും ചക്കരക്കല്ല് പൊലീസ് കേസെടുത്തു. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും സ്വമേധയായാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ‘ഒട്ടകക്കല്യാണം’ നടന്നത്. വളപട്ടണത്തുനിന്ന് വാരം ചതുരക്കിണറിലെത്തിയ വരൻ ഒട്ടകപ്പുറത്ത് കയറിയാണ് വധുവിന്റെ വീട്ടിലേക്ക് വന്നത്. പടക്കംപൊട്ടിച്ചും ബാൻഡ് വാദ്യവും ആർപ്പുവിളിയുമായി നടന്ന വിവാഹാഘോഷം കാരണം റോഡിൽ ഏറെനേരം ഗതാഗത തടസ്സമുണ്ടായി. കണ്ണൂർ വിമാനത്താവളത്തിലേക്ക് ഉൾപ്പെടെയുള്ള പ്രധാന റോഡിലായിരുന്നു ആഘോഷം. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഗതാഗതം നേരെയാക്കിയത്.
കൈവിട്ട ആഘോഷത്തിനിടെ വധുവിന്റെ ബന്ധുക്കളും എതിർപ്പുമായി വന്നിരുന്നു. ഇത്തരമൊരു വരവ് അറിഞ്ഞില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. വിവാഹത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കില്ലെന്നും വരന്റെ വീട് ഉൾപ്പെടുന്ന മഹല്ലിൽ പ്രതിഷേധം അറിയിച്ചതായും പുറത്തീൽ മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ.പി. താഹിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.