കേരഗ്രാമം പദ്ധതിയുമായി ചെമ്പിലോട്

കണ്ണൂർ: തെങ്ങുകൃഷി പരിപോഷിപ്പിക്കാൻ ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി. വിവിധ ഘട്ടങ്ങളിലായി അരക്കോടിയിലധികം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. നാളികേര ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കാൻ, രോഗം ബാധിച്ചതും പ്രായം ചെന്നതുമായ തെങ്ങുകൾ മുറിച്ചുമാറ്റി പുതിയ തൈകൾ നടുക, സംയോജിത കീടരോഗ നിയന്ത്രണം, സംയോജിത വളപ്രയോഗം, ഇടവിള കൃഷി പ്രോത്സാഹിപ്പിക്കൽ, ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രോത്സാഹനം, ഗുണമേന്മയുള്ള തൈകൾ ലഭ്യമാക്കൽ എന്നിവയാണ് ലക്ഷ്യം.

മൂന്നുവർഷം നീളുന്ന പ്രവർത്തനമാണ് നടത്തുക. ഒന്നാം വർഷം 25.67 ലക്ഷം രൂപയും രണ്ടാം വർഷം 20 ലക്ഷവും മൂന്നാം വർഷം ആറുലക്ഷവും കൃഷിക്ക് ഗുണകരമാകും വിധം ചെലവഴിക്കും. പഞ്ചായത്തിൽ കേരസമിതി രൂപവത്കരിച്ച തെങ്ങുസമിതിയുടെ മേൽനോട്ടത്തിൽ കർമപദ്ധതി തയാറാക്കിയാണ് നടപ്പാക്കുക. തടമൊരുക്കാനും അനുബന്ധ പ്രവൃത്തിക്കും തെങ്ങിന് 35 രൂപ വീതം 17,500 തെങ്ങുകളുടെ പരിപാലനത്തിന് തുക വകയിരുത്തിയിട്ടുണ്ട്.

തെങ്ങിൻതോപ്പിൽ ഇടവിള കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ കർഷകർക്ക് ഹെക്ടറിന് പരമാവധി 6000 രൂപ പ്രകാരം ആറുലക്ഷം രൂപയുടെ ഇടവിളക്കിറ്റ് വിതരണം ചെയ്യും. ആയിരത്തോളം കേടുവന്ന തെങ്ങുകൾ മുറിച്ചുമാറ്റി പുതിയത് വെച്ചുപിടിപ്പിക്കും. ഹെക്ടറിന് പരമാവധി ഏഴ് എന്ന കണക്കിൽ 50 ശതമാനം സബ്സിഡിയോടെയാണ് തൈകൾ വിതരണം ചെയ്യുക. തെങ്ങുകയറ്റ യന്ത്രവും സബ്സിഡി നിരക്കിൽ നൽകാൻ പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.

ഗ്രാമസഭകൾ വഴിയാണ് പദ്ധതിയുടെ അപേക്ഷ ക്ഷണിച്ചത്. ശാസ്ത്രീയമായി നാളികേര ഉൽപാദനം വർധിപ്പിക്കുന്നതിലൂടെ കർഷകരുടെ വരുമാനം വർധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ദാമോദരൻ വ്യക്തമാക്കി.

Tags:    
News Summary - Chembilode with Keragram project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.