കേളകം: ആറ് മാസമായി വേതനം കിട്ടാതെ ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും ദുരിതത്തിൽ. 2023 ഏപ്രിൽ, മേയ്, ജൂൺ, 2024 ഫെബ്രുവരി, മാർച്ച്, ജൂലൈ തുടങ്ങി ആറ് മാസത്തെ ശമ്പളമാണ് ബാക്കിയുള്ളത്. 2022-2023 ലെ ബോണസ് -ഉത്സവബത്തയും ലഭിച്ചില്ല. 2022 നവംബർ മുതൽ പ്രൊവിഡന്റ് ഫണ്ട് അടച്ചിട്ടില്ലെന്നും പരാതിയുണ്ട്. ഇക്കാരണത്താൽ 58 വയസ്സ് പൂർത്തിയായ ജീവനക്കാർക്കും തൊഴിലാളിക്കും പെൻഷന് അപേക്ഷിക്കാനും പറ്റുന്നില്ല. ശമ്പളത്തിൽ നിന്ന് പിടിച്ച തുക 2022 ഡിസംബർ മുതൽ എൽ.ഐ.സിയിൽ അടച്ചിട്ടില്ല, അതിനാൽ മുഴുവൻ പേരുടെയും പോളിസി ഇപ്പോൾ ലാപ്സ് ആയിരിക്കുകയാണ്. ഇത് കൂടാതെ തൊഴിലാളികളുടെയും ജീവനക്കരുടെയും രണ്ട് വർഷത്തെ ക്ഷാമബത്ത കുടിശ്ശികയുമാണ്.
തൊഴിലാളികളും ജീവനക്കാരുമായി 311 പേരാണ് ആറളം ഫാമിലുള്ളത്. ഇതിൽ 241 പേരും ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ആറ് മാസത്തെ ശമ്പളം എന്ന് നൽകുമെന്ന് പറയാൻ പോലും പറ്റാത്ത അവസ്ഥയിലാണ് മാനേജ്മെന്റ്. ജീവനക്കാർക്കും തൊഴിലാളികൾക്കും ഒരു മാസത്തെ ശമ്പളം മാത്രം അനുവദിക്കണമെങ്കിൽ 70 ലക്ഷത്തോളം രൂപ വേണം. ഫാമിന്റെ പ്രധാന വരുമാന മാർഗമായിരുന്ന തെങ്ങിൽ നിന്നുള്ള വരുമാനം പത്തിലൊന്നായി കുറഞ്ഞു. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കാട്ടാന ശല്യം മൂലം 10000 ഓളം തെങ്ങുകളെങ്കിലും ആനക്കൂട്ടം നശിപ്പിച്ചു. അവശേഷിക്കുന്ന തെങ്ങുകൾ കുരങ്ങ് ശല്യം മൂലം വരുമാനം ഇല്ലാത്തതുമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.