കണ്ണൂർ: ആഫ്രിക്കൻ പന്നിപ്പനി ഭീഷണിയെ തുടർന്ന് മൂന്നു വർഷത്തിനിടെ ജില്ലയിൽ ദയാവധം നടത്തിയത് 930 പന്നികളെ. 2022 ജൂലൈ മുതൽ 2024 ആഗസ്റ്റ് വരെ ജില്ലയിലെ ഒമ്പത് പഞ്ചായത്തുകളിലായാണ് പന്നികളെ കൊന്നൊടുക്കിയത്.
2022 ജൂലൈയിൽ കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിലും 2023ൽ ആറളം, പായം, ഉദയഗിരി, മാലൂർ, കണിച്ചാർ എന്നീ പഞ്ചായത്തുകളിലും 2024 ജൂലൈയിൽ ഉദയഗിരി പഞ്ചായത്തിലും തുടർന്ന് നടുവിൽ പഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചത്. ഉദയഗിരി പഞ്ചായത്തിൽ 179ഉം നടുവിൽ പഞ്ചായത്തിൽ 50 ഉം പന്നികളെയാണ് ദയാവധം നടത്തിയത്. ദയാവധം നടത്തുന്ന പന്നികൾക്ക് മാത്രമേ നിലവിൽ സർക്കാർ നഷ്ടപരിഹാരം അനുവദിക്കുന്നുള്ളൂ. രോഗം ബാധിച്ച് മരണമടയുന്ന പന്നികൾക്ക് നിലവിൽ നഷ്ടപരിഹാരം ലഭിക്കുന്നില്ല.
പന്നിയൊഴികെ മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുന്ന രോഗമല്ല ആഫ്രിക്കൻ പന്നിപ്പനി. ആഫ്രിക്കൻ പന്നിപ്പനിക്കെതിരേ വാക്സിനോ ചികിത്സയോ നിലവിലില്ല. ദുരന്ത നിവാരണത്തിന്റെ ഭാഗമായി രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവൻ പന്നികളെയും ഫാമിന്റെ ഒരു കി.മീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും കൊന്ന് ശാസ്ത്രീയമായി സംസ്കരിക്കുക എന്നതാണ് പ്രധാന രോഗനിയന്ത്രണ മാർഗം.
തുടർന്ന് അണുനശീകരണം നടത്തിയശേഷം മൂന്ന് മാസം ഫാം പൂർണമായും അടച്ചിടണം. രോഗം ബാധിച്ച ഫാമിന്റെ 10 കി.മീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗനിരീക്ഷണ മേഖലയായതിനാൽ ആ പ്രദേശത്തെ ഫാമുകളിൽ നിലവിലുള്ള പന്നികളെ വിൽക്കാനോ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനോ പാടില്ല.
ആറ് മാസത്തിനുശേഷം മാത്രമേ പന്നികളെ ഒഴിവാക്കിയ ഫാമുകളിൽ പന്നിവളർത്തൽ വീണ്ടും ആരംഭിക്കാൻ സാധിക്കുകയുള്ളു. ആഫ്രിക്കൻ പന്നിപ്പനി ഭീതി ജില്ലയിൽനിന്ന് ഇനിയും ഒഴിവായിട്ടില്ല. ഈ സാഹചര്യത്തിൽ ജില്ല മൃഗ സംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. എന്നാൽ, രോഗത്തെ പ്രതിരോധിക്കാൻ കർഷകർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. വി. പ്രശാന്ത്, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ബിജോയ് വർഗീസ്, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ല കോഓഡിനേറ്റർ ഡോ. കെ.എസ്. ജയശ്രീ എന്നിവർ നൽകുന്ന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.