ചെറുപുഴ: ആലക്കോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീതി പടര്‍ത്തിയ അജ്ഞാതന്റെ വിളയാട്ടം ചെറുപുഴയിലും. കഴിഞ്ഞ രണ്ടുദിവസമായി പ്രാപ്പൊയില്‍, പെരുവട്ടം, എയ്യന്‍കല്ല്, കുണ്ടേരി, തിരുമേനി ടൗണ്‍, കോക്കടവ് തുടങ്ങിയ സ്ഥലങ്ങളിലാണ് അജ്ഞാതന്‍ പ്രത്യക്ഷപ്പെട്ടത്. ഏതാനും ആഴ്ചകളായി ആലക്കോട് പഞ്ചായത്തിലെ കോടോപ്പള്ളി, ചെക്കിച്ചേരി, പനംകുറ്റി എന്നിവിടങ്ങളിലും പിന്നീട് രയരോം മൂന്നാംകുന്നിലുമെത്തിയ അജ്ഞാതന്‍ തന്നെയെന്നു കരുതുന്ന മുഖംമൂടി ധാരിയുടെ സാന്നിധ്യമാണ് ഈ പ്രദേശങ്ങളിലുമുണ്ടായത്. അര്‍ധരാത്രിയോടെ വീടുകള്‍ക്ക് സമീപമെത്തി ജനാലകളിലും വാതിലുകളിലും തട്ടി ശബ്ദമുണ്ടാക്കുകയും ഭീതിപ്പെടുത്തുന്ന വിധം ഒച്ചയിട്ട് ഓടിമറയുകയും ചെയ്യുകയാണ് അജ്ഞാതന്റെ രീതി.
സംഭവം പലവീടുകളിലും ആവര്‍ത്തിച്ചതോടെ നാട്ടുകാര്‍ സംഘടിതമായ തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. പിന്നാലെ, ആലക്കോട് പൊലീസ് പട്രോളിങ് ശക്തമാക്കുകയും നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും ചെയ്തതോടെയാണ് അജ്ഞാതന്റെ സാന്നിധ്യം പ്രാപ്പൊയിലും പരിസരങ്ങളിലുമുണ്ടായത്. ഇവിടെയും വീടുകളുടെ ജനാലകളില്‍ തട്ടിവിളിക്കുകയും ജനാല തുറക്കാന്‍ ശ്രമിക്കുകയും ഒരുവീടിന്റെ മുന്‍ഭാഗത്തെ ബള്‍ബുകള്‍ ഊരി മാറ്റുകയും ചെയ്തു.
കഴിഞ്ഞരാത്രി യുവാക്കള്‍ സംഘടിച്ച് പ്രാപ്പൊയില്‍ ടൗണിലും പരിസരങ്ങളിലും അജ്ഞാതന്റെ വരവ് കാത്തിരുന്നെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. ടൗണിനു സമീപത്തെ ഒരുവീട്ടിലെ കാലിത്തൊഴുത്തില്‍ അജ്ഞാതന്‍ ഓടിക്കയറിയതിന്റെ സൂചനയെന്നവണ്ണം ചെരിപ്പ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഭയന്ന പശു ഇപ്പോള്‍ തൊഴുത്തില്‍ കയറാന്‍ മടിക്കുകയാണെന്നു വീട്ടുകാര്‍ പറഞ്ഞു. ചില വീടുകളുടെ ജനാലകളില്‍ കൈപ്പത്തിയുടെ അടയാളവും പതിഞ്ഞിട്ടുണ്ട്.
ഒരേസമയം പലയിടങ്ങളില്‍ അജ്ഞാതനെ കണ്ടതായി വിവരം പടര്‍ന്നതോടെ ഇതില്‍ ഒന്നിലധികം ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്. വാഹനത്തിലെത്തിയാണ് അജ്ഞാതന്‍ ഇത്തരത്തില്‍ ഭീതി പടര്‍ത്തുന്നതെന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്. മഴ ശക്തമായതോടെ മലയോരത്ത് പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് പതിവാണ്. ഇതും സാമൂഹിക വിരുദ്ധര്‍ക്ക് വളമാകുന്നുണ്ട്. ഒരിടത്തുനിന്നും മോഷണം നടന്നതായി വിവരമില്ലാത്തതിനാല്‍ അജ്ഞാതന്റെ ലക്ഷ്യം മറ്റെന്തെങ്കിലും ആവാമെന്ന സംശയവും ഉയരുന്നുണ്ട്. അജ്ഞാതന്റെ സാന്നിധ്യം ഉണ്ടായതോടെ ചെറുപുഴ പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ലഹരിവില്പനക്കാരാവാം എന്ന നിലയിലും അന്വേഷണം നടക്കുന്നുണ്ട്. അജ്ഞാതനെ പിടികൂടാന്‍ നാട്ടുകാര്‍ സംഘടിച്ച് കാവലിരിക്കുന്നുണ്ടെങ്കിലും ഇയാളുടെ സാന്നിധ്യം ഭയന്ന് മിക്കവര്‍ക്കും ഉറക്കം നഷ്ടപ്പെട്ടമട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.