ചെറുപുഴ: കത്തുന്ന വേനലില്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാല്‍ പട്ടത്തുവയലിലെ അഞ്ചോളം കുടുംബങ്ങള്‍. കുടിവെള്ളം വിതരണത്തിനായി കുളവും മോട്ടോറും വാട്ടര്‍ ടാങ്കും പൈപ്പ് സ്ഥാപിക്കലും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങളാണ് തലച്ചുമടായി കുടിവെള്ളം കൊണ്ടുവരാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്.
പട്ടികജാതി-പട്ടികവര്‍ഗ ഊരുകൂട്ടങ്ങളുടെ വികസനത്തിനായി നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം പട്ടത്തുവയല്‍ ഊരുകൂട്ടത്തില്‍ ആരംഭിച്ച കുടിവെള്ള പദ്ധതിയാണ് പൈപ്പിടലില്‍ മാത്രമൊതുങ്ങിയത്.
പദ്ധതി പാതിവഴിയില്‍ നിലച്ചതോടെ ഈ അഞ്ച് കുടുംബങ്ങളും ഏറെ ദൂരം സഞ്ചരിച്ച് പാറക്കെട്ടുകളുടെ ഇടയിലൂടെ ഒഴുകിവരുന്ന നീരുറവയില്‍ നിന്നാണ് വെള്ളമെടുക്കുന്നത്. കുളിക്കാനും തുണി നനക്കാനും ഈ നീരുറവയാണ് ഇവര്‍ ആശ്രയിക്കുന്നതും. വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ പട്ടത്തുവയല്‍ ഊരുകൂട്ടത്തിലേക്ക് കുടിവെള്ള വിതരണം ഉള്‍പ്പെടെ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ വിഭാവനം ചെയ്തത്.
വീടുകളിലേക്ക് കോണ്‍ക്രീറ്റ് നടപ്പാത, വീടുകളുടെ പുനരുദ്ധാരണം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പട്ടത്തുവയല്‍ ഊരുകൂട്ടത്തിലെ വീടുകള്‍ രണ്ടിടങ്ങളിലായാണ് സ്ഥിതിചെയ്യുന്നത്. ഇതില്‍ ഒരുഭാഗത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് പദ്ധതികൊണ്ട് യാതൊരു പ്രയോജനവും ലഭിക്കാതെ പോയത്. ഇവര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ വാട്ടര്‍ ടാങ്കും വീടുകളിലേക്ക് പൈപ്പുകളും സ്ഥാപിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു.
പട്ടത്തുവയലില് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ നിര്‍മിച്ച കുളത്തില്‍നിന്ന് വെള്ളമെടുക്കാന്‍ മോട്ടോര്‍ സ്ഥാപിക്കുകയും 500 മീറ്ററിലധികം ദൂരേക്ക് വെള്ളം പമ്പുചെയ്യാനുള്ള പൈപ്പ് ലൈനും വെള്ളം സംഭരിക്കാന്‍ വാട്ടര്‍ ടാങ്കും എത്തിക്കുകയും ചെയ്തു. വാട്ടര്‍ ടാങ്ക് സ്ഥാപിക്കാന്‍ കോണ്‍ക്രീറ്റ് തറ പണിതെങ്കിലും ടാങ്ക് അതിലേക്ക് മാറ്റിവെച്ചില്ല.
ടാങ്കില്‍നിന്ന് വീടുകളിലേക്ക് വെള്ളമെത്തിക്കാന്‍ പി.വി.സി പൈപ്പുകളിട്ടെങ്കിലും അതും പൂര്‍ത്തിയാക്കിയില്ല. ഈ പൈപ്പുകളില്‍ പലതും ഇപ്പോള്‍ നാശം നേരിടുകയാണ്. കുടിവെള്ളം വിതരണം ചെയ്യാനുള്ള എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കിയിട്ടും വെള്ളമെത്താത്തതിന്റെ കാരണം മാത്രം ഇവര്‍ക്ക് അറിയില്ല.
അധികൃതരോട് പരാതിപ്പെട്ട് മടുത്തതിനാല്‍ ഇപ്പോള്‍ പ്രദേശത്തെ തോട്ടില്‍നിന്നുള്ള നീരുറവയില്‍നിന്ന് വെള്ളം കോരിയെടുത്ത് തലച്ചുമടായി കൊണ്ടുവന്നാണ് കുടിക്കാന്‍ ഉപയോഗിക്കുന്നത്. കുളത്തില്‍നിന്ന് വെള്ളം പമ്പുചെയ്യാന്‍ അനുമതി കിട്ടിയാല്‍ തീരുന്നതാണ് ഇവരുടെ പ്രശ്നം. അതിനായി അധികൃതര്‍ മുന്‍കൈയ്യെടുക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. അംബേദ്കര്‍ ഗ്രാമം പദ്ധതിപ്രകാരം പ്രദേശത്തെ വീടുകള്‍ക്കിടയിലൂടെ നടപ്പാത നിര്‍മിച്ചിട്ടുണ്ട്.
ഇതിലും ക്രമക്കേട് നടന്നതായി ഇവര്‍ക്ക് ആക്ഷേപമുണ്ട്. വീടുകളുടെ പുനരുദ്ധാരണ പ്രവൃത്തിയും പദ്ധതിയിലുണ്ടെന്ന് പറയുന്നു. അതിന്റെ പ്രയോജനവും ഇവര്‍ക്ക് ലഭിച്ചില്ല. കുടിവെള്ള വിതരണം ഉള്‍പ്പെടെ പട്ടത്തുവയല്‍ ഊരുകൂട്ടത്തില്‍ നടപ്പാക്കിയ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് റോഷി ജോസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.