ചെറുപുഴ: വര്‍ഷങ്ങള്‍ക്കുശേഷം കാട്ടാനക്കലിയില്‍ ഒരു ജീവന് കൂടി പൊലിഞ്ഞതോടെ ഭീതിയുടെ നിഴലിലായിരിക്കുകയാണ് രാജഗിരി ഇടക്കോളനിയിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍. ചൊവ്വാഴ്ച രാവിലെ ഇടക്കോളനിക്ക് സമീപമെത്തിയ പുളിങ്ങോം സ്വദേശിയായ യുവാവാണ് കാട്ടാനയുടെ കലിക്കിരയായത്.
കൃഷിയിടത്തിലിറങ്ങി വാഴയും ചക്കയും മറ്റും തിന്നുകയായിരുന്ന ആനയുടെ മുന്നില്‍പ്പെട്ട യുവാവിന് ഓടി രക്ഷപ്പെടാന്‍ അവസരം കിട്ടുംമുമ്പേ ആന ആക്രമിക്കുകയായിരുന്നു.
യുവാവിന്റ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ക്ക് പടക്കം പൊട്ടിച്ചും ബഹളംവെച്ചും ആനയെ അകറ്റിയ ശേഷമാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാനായത്. വിദഗ്ധ ചികിത്സ ലഭ്യമാക്കും മുമ്പേ ജീവന് പൊലിയുകയും ചെയ്തു. കര്‍ണാടക വനവും കാര്യങ്കോട് പുഴക്കും ഇടയിലുള്ള രാജഗിരി ഇടക്കോളനി, കാനംവയല്‍ കോളനി, ചേനാട്ട് കൊല്ലി, കോഴിച്ചാല്‍ റവന്യൂ, പുളിങ്ങോം ആറാട്ട് കടവ് പ്രദേങ്ങള്‍ വന്യമൃഗ ഭീതിയില്‍ കഴിയുന്ന ജനവാസകേന്ദ്രങ്ങളാണ്.
കര്‍ണാടക വനാതിര്‍ത്തി കടന്നെത്തുന്ന കാട്ടാനകളെ അകറ്റാന്‍ വൈദ്യുതിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും അവ പ്രവര്‍ത്തനക്ഷമമല്ല. ഏതാനും വര്‍ഷംമുമ്പ് ആറാട്ടുകടവ് സ്വദേശിയായ ഗൃഹനാഥന് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് ആക്രമണം നടത്തിയ കൊമ്പന് പിന്നീട് മുണ്ടറോട്ട് കൊല്ലിയെന്ന് വിളിപ്പേരും വന്നു. ഈ കൊമ്പന് തന്നെയാണ് ഇത്തവണ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് നാട്ടുകാര്‍ കരുതുന്നത്.
ഇടക്കോളനിയിലുള്ളവര് തൊഴിലിനും മറ്റാവശ്യങ്ങള്‍ക്കും അതിരാവിലെ മുതല്‍ രാജഗിരി ടൗണിലേക്ക് പോകുന്ന മണ്‍പാതയിലാണ് ആനയുടെ ആക്രമണമുണ്ടായത്. പ്രദേശത്താകെ ആനചവിട്ടി മെതിച്ചു നടന്നതിന്റെ അടയാളങ്ങള്‍ കാണാനുണ്ടായിരുന്നു.
വേനല്‍ കടുത്തതോടെ വനത്തില്‍ തീറ്റ കുറഞ്ഞതാണ് ആന ജനവാസ കേന്ദ്രങ്ങളിലേക്കെത്താന്‍ ഇടയാക്കുന്നത്. കാട്ടാനശല്യം രൂക്ഷമായ ആറാട്ട് കടവ് കോളനിയിലുളളവരെ പെരിങ്ങോം വയക്കര പഞ്ചായത്തിലേക്ക് പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.