ന​​വീ​​ക​​ര​​ണ പ്ര​​വൃ​​ത്തി പൂ​ർ​ത്തി​യാ​യ

ചി​റ​ക്ക​ൽ ചി​റ

ചിറക്കൽ ചിറയാണ് ചിറ

കണ്ണൂർ: കേരളത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലാശയമായ ചിറക്കൽ ചിറയുടെ നവീകരണ പ്രവൃത്തി പൂർത്തിയായതോടെ പ്രദേശത്തെ ഭൂഗർഭ ജലനിരപ്പ് വർധിച്ചു. നവീകരണം പൂർത്തിയായതോടെ ചിറയുടെ ജലസംഭരണശേഷി 799.93 ലക്ഷം ലിറ്ററിൽനിന്ന് 1339.42 ലക്ഷം ലിറ്ററായി ഉയർന്നു. ചിറയുടെ ആഴം 1.6 മീറ്ററിൽനിന്ന് 2.6 മീറ്ററായി വർധിച്ചിട്ടുണ്ട്.

12.70 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ചിറ മണ്ണും ചളിയും നീക്കിയും പടവുകൾ പുനർനിർമിച്ചും സംരക്ഷണ ഭിത്തി കെട്ടിയുമാണ് നവീകരിച്ചത്. ഇതിനായി ജലസേചന വകുപ്പിന്റെ മൂല്യനിർണയ പ്രകാരം 2.30 കോടി ഹരിതകേരളം ടാങ്ക്‌സ് ആൻഡ് പോണ്ട്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചിരുന്നു. ചളിയും മാലിന്യവും നിറഞ്ഞ 53949 ക്യൂബിക് മീറ്റർ മണ്ണ് ചിറയിൽനിന്ന് നീക്കം ചെയ്തു. ചിറക്കൽ കോവിലകത്തിന്റെ അധീനതയിലുള്ള ചിറ വ്യവസ്ഥകളോടെ ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് നവീകരിച്ചത്.

മഴക്കാലത്ത് ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽനിന്ന് ഒഴുകിവരുന്ന അഴുക്കുവെള്ളം ചിറയിലേക്ക് പ്രവേശിക്കുന്നത് തടയാൻ സംരക്ഷണ ഭിത്തിയുടെ മുകളിലായി പാരപ്പറ്റ് വാളും നിർമിച്ചിട്ടുണ്ട്. ഇതിന്റെ ഉപരിഭാഗം പ്ലാസ്റ്ററിങ് നടത്തി ചായംപൂശി.

ഏഷ്യയിലെതന്നെ ഏറ്റവും വലിയ മനുഷ്യനിർമിത ചിറകളിലൊന്നായ ചിറക്കൽ ചിറക്ക് 400 വർഷത്തെ പഴക്കമുണ്ട്. ചിറയുടെ നവീകരണ പ്രവൃത്തി 2020 ജനുവരിയിലാണ് ആരംഭിച്ചത്. പ്രവൃത്തി മുന്നോട്ടുപോകുന്ന സമയത്താണ് കാലവർഷമാരംഭിച്ച് പൂർത്തിയാക്കാൻ സാധിക്കാതെ തടസ്സപ്പെട്ടത്.

പിന്നാലെ കോവിഡുമെത്തിയതോടെ മെല്ലെപ്പോക്കിലായി. നവീകരിച്ച ചിറയുടെ ഉദ്ഘാടനം ഒക്ടോബർ 28ന് വൈകീട്ട് അഞ്ചിന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുമെന്ന് കെ.വി. സുമേഷ് എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ചിറ നവീകരണത്തിന് ചിറക്കൽ രാജകുടുംബം വലിയ പിന്തുണ നൽകിയതായും ഭാവി പ്രവർത്തനങ്ങൾ ചിറക്കൽ കോവിലകവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സഞ്ചാരികളെ ആകർഷിക്കാൻ ചിറക്കുചുറ്റും സൗന്ദര്യവത്കരണമടക്കം ആലോചനയിലുണ്ടെന്നും എം.എൽ.എ അറിയിച്ചു.

ഉദ്ഘാടന ചടങ്ങിൽ എം.പിമാരായ കെ. സുധാകരൻ, ഡോ.വി. ശിവദാസൻ, പി. സന്തോഷ് കുമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ തുടങ്ങിയവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി, മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ കെ. ഗോപകുമാർ, അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ പി. സുരേഷ് ബാബു എന്നിവരും പങ്കെടുത്തു.

Tags:    
News Summary - chirakkal chira-Minister Roshi Augustin will inaugurate the renovated Chira on 28th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.