ഫെബ്രുവരി ആദ്യം കൂടാളി, അഞ്ചരക്കണ്ടി, മുണ്ടേരി പഞ്ചായത്തുകളില്‍
വീടുകളിലേക്ക് പൈപ്പിടുന്ന പ്രവൃത്തി ആരംഭിക്കും
കണ്ണൂർ: ഗെയില്‍ പൈപ്പ്ലൈന് പദ്ധതിയുടെ ഭാഗമായി പൈപ്പുകള്‍ വഴി വീടുകളില്‍ നേരിട്ട് പാചകവാതകം എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസിെൻറ ഗാര്‍ഹിക കണക്ഷനുകള്‍ ഏപ്രില്‍ അവസാനത്തോടെ ജില്ലയില്‍ സജ്ജമാകും. ഫെബ്രുവരി ആദ്യം കൂടാളി, അഞ്ചരക്കണ്ടി, മുണ്ടേരി പഞ്ചായത്തുകളില്‍ വീടുകളിലേക്ക് പൈപ്പിടുന്ന പ്രവൃത്തി ആരംഭിക്കും. ഇതിനായുള്ള വെല്‍ഡിങ് പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മൂന്ന് പഞ്ചായത്തുകളിലായി 500 ഓളം വീടുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കണക്ഷന് ലഭിക്കുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രമായ സിറ്റി ഗ്യാസ് സ്റ്റേഷെൻറ പ്രവര്‍ത്തനങ്ങള്‍ കൂടാളിയില് പുരോഗമിക്കുകയാണ്. സിറ്റി ഗ്യാസ് സ്റ്റേഷന് പരിധിയിലുള്ള വീടുകളിലാണ് ആദ്യം പാചക വാതകം (പി.എന്‍.ജി പൈപ്ഡ് നാച്വറല്‍ ഗ്യാസ്) എത്തിക്കുക. നിലവില്‍ കൂടാളി, മുണ്ടേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകളില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട അനുമതികള്‍ ലഭിച്ചിട്ടുണ്ട്. പൈപ്പിടുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. മൂന്ന് പഞ്ചായത്തുകള്‍ക്കു പുറമെ കോര്പറേഷന് പ്രദേശങ്ങളിലും ആദ്യ ഘട്ടത്തില്‍ത്തന്നെ പാചകവാതകം ലഭ്യമാക്കും. തലശ്ശേരി മുതല്‍ മാഹി വരെയുള്ള പ്രദേശങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ ഗാര്‍ഹിക കണക്ഷനുകള്‍ ലഭ്യമാക്കുക. സുരക്ഷിതമായ പോളി എത്തിലീന്‍ പൈപ്പുകള്‍ ഉപയോഗിച്ചാണ് വീടുകളില്‍ ഗ്യാസ് എത്തിക്കുക. വീടുകളില്‍ കണക്ഷന് എടുക്കുന്നതിനായി നിശ്ചിത ഡെപ്പോസിറ്റ് തുക അടക്കണം. പിന്നീടുള്ള പരിപാലനം കമ്പനി പൂര്‍ണമായും ഏറ്റെടുക്കും. സബ്സിഡി ഇല്ലാത്ത ഗ്യാസിനേക്കാള്‍ 20 ശതമാനത്തോളം വിലക്കുറവില്‍ സിറ്റി ഗ്യാസ് വഴി പാചകവാതകം വീടുകളിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപയോഗത്തിന് അനുസരിച്ച് മാസത്തില്‍ പണം അടച്ചാല്‍ മതി. പൈപ്പ് വഴിയുള്ള പാചകവാതകം ഏത് സമയത്തും ലഭ്യമായിരിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം. ബുക്ക് ചെയ്ത് കാത്തിരിക്കുകയോ പാതിവഴിയില്‍ ഗ്യാസ് തീര്‍ന്നുപോവുന്ന പേടിയോ വേണ്ട. ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച്ച് ഗ്യാസ് ഉപയോഗിക്കാമെന്ന സൗകര്യവും ഇതിനുണ്ട്. ഭാരം കുറവാണെന്നതിനാല്‍ പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിന് സുരക്ഷിതത്വം കൂടുതലാണ്. പാചകവാതകത്തിനു പുറമെ, വാഹനങ്ങള്‍ക്കാവശ്യമായ വാതകം നിറക്കുന്നതിനുള്ള മൂന്ന് സി.എന്‍.ജി (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) സ്റ്റേഷനുകളുടെ പ്രവൃത്തിയും ജില്ലയില്‍ പുരോഗമിക്കുകയാണ്. സെന്‍ട്രല്‍ ജയില്‍, മട്ടന്നൂര്‍, വാരം എന്നിവിടങ്ങളിലാണ് സി.എന്‍.ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.
കോര്പറേഷന് പ്രദേശങ്ങളിലെ വീടുകളില്‍ ഗ്യാസ് എത്തിക്കുന്നതിനായി ചാലോട് നിന്നും മേലെ ചൊവ്വ വരെ എട്ടിഞ്ച് വ്യാസത്തിലുള്ള സ്റ്റീല്‍ മെയിന്‍ ലൈന്‍ പൈപ്പ് ഇടുന്ന പ്രവൃത്തിയും തുടങ്ങി. 84 കിലോ മീറ്ററോളം നീളത്തില്‍ 340 കോടി രൂപ മുതല്‍മുടക്കിലാണ് ജില്ലയില്‍ ഗെയില്‍ പദ്ധതി നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.