കണ്ണൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാറും സംസ്ഥാന മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ക്ലാസിക്കൽ പന്നിപ്പനിരോഗ പ്രതിരോധ കുത്തിവെപ്പ് രണ്ടാംഘട്ടം ജില്ലയിൽ പൂർത്തിയായി. 10,988 പന്നികൾക്കാണ് പന്നിപ്പനി രോഗ പ്രതിരോധകുത്തിവെപ്പ് നടത്തിയത്.
പന്നികളെ മാത്രം ബാധിക്കുന്നതും പന്നികളിൽനിന്ന് പന്നികളിലേക്കു മാത്രം പടരുന്നതുമായ സാംക്രമിക വൈറസ് രോഗമാണ് ക്ലാസിക്കൽ പന്നിപ്പനി. പന്നികളിലെ കോളറ രോഗം അഥവാ ഹോഗ് കോളറ എന്നും അറിയപ്പെടുന്നു. പെസ്റ്റിവൈറസ് ‘സി’ആണ് രോഗകാരണം. ആരോഗ്യമുള്ള പന്നികളും രോഗം ബാധിച്ച പന്നികളും തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. ഉമിനീർ, മൂക്കിലെ സ്രവങ്ങൾ, മൂത്രം, മലം, മലിനമായ വാഹനങ്ങൾ, തീറ്റ, വസ്ത്രങ്ങൾ എന്നിവയിലൂടെയും രോഗം പകരുന്നു.
കർശനമായ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുക, കാട്ടുപന്നികളുമായുള്ള സമ്പർക്കത്തിൽ നിന്ന് വളർത്തുപന്നികളെ സംരക്ഷിക്കുക എന്നിവയാണ് രോഗം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ നടപടികൾ. രോഗം ബാധിച്ച് മരണപ്പെടുന്ന പന്നികളെ ശാസ്ത്രീയമായി സംസ്കരിക്കുക, ഫാമിലും പരിസരത്തും അണുനശീകരണം നടത്തുക, രോഗം ബാധിച്ച ഫാമിൽ നിന്നും പന്നികളുടെ വിൽപന താൽക്കാലികമായി നിരോധിക്കുക, രോഗബാധിത പ്രദേശത്തും പരിസര പ്രദേശങ്ങളിലും നിരീക്ഷണം നടത്തുക തുടങ്ങിയവയാണ് രോഗപ്രതിരോധ മാർഗങ്ങൾ. വൈറസ് രോഗമായതുകൊണ്ട് ചികിത്സ ഇല്ലാത്തതിനാൽ വാക്സിനേഷൻ വഴി മാത്രമേ രോഗം നിയന്ത്രിക്കാൻ കഴിയൂവെന്നും ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ.വി. പ്രശാന്ത്, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ല കോഓഡിനേറ്റർ ഡോ. കെ.എസ്. ജയശ്രീ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.