കണ്ണൂർ: തിരുവനന്തപുരം മുതൽ കാസർകോട് വരെ അന്തർദേശീയ നിലവാരത്തിൽ സൈക്കിൾപാതയോടുകൂടിയ തീരദേശ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ജില്ലയിലെ നടപടികൾക്ക് ഗതിവേഗം. ജില്ലയിൽ മാഹി മുതൽ പയ്യന്നൂർ വരെയുള്ള ഭാഗങ്ങളിലെ അലൈൻമെൻറ് തിട്ടപ്പെടുത്താനുള്ള സർവേക്ക് മുന്നോടിയായുള്ള പരിശോധന ചൊവ്വാഴ്ച പൂർത്തിയായി. വിശദമായ ഡി.പി.ആർ തയാറാക്കുന്നതിെൻറ ഭാഗമായാണ് പരിശോധന.
കിഫ്ബിയുടെയും കെ.ആർ.എഫ്.ബിയുടെയും എൻജിനീയർമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലായിരുന്നു വിലയിരുത്തൽ. രണ്ടാംപകുതിയിൽ പയ്യാമ്പലം, മുഴപ്പിലങ്ങാട്, തലശ്ശേരി ഭാഗങ്ങളിലെ 31 കിലോമീറ്ററിലാണ് െചാവ്വാഴ്ച പരിശോധന നടത്തിയത്. തലശ്ശേരി, ധർമടം, കണ്ണൂർ, അഴീക്കോട്, കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളിലെ തീരപ്രദേശങ്ങളിലൂടെ ഏകദേശം 71 കിലോമീറ്റർ ദൂരത്തിലാണ് പാത പോവുക. തീരത്തിന് സമീപത്തുകൂടി പോകുന്ന പാതകൾ വീതികൂട്ടും. നിലവിൽ റോഡില്ലാത്ത ഭാഗങ്ങളിൽ സ്ഥലമേറ്റെടുക്കും. പരമാവധി ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കിയാവും പാതയുടെ നിർമാണം.
തിരുവനന്തപുരം പൂവാർ മുതൽ കാസർകോട് കുഞ്ചത്തൂർവരെ 14 മീറ്റർ വീതിയിലാണ് പാത. 655.6 കിലോമീറ്റർ പാതക്ക് 6500 കോടിയാണ് ചെലവ് കണക്കാക്കുന്നത്. ടൂറിസം മേഖലയിലെ മുന്നേറ്റത്തിനും അതോടൊപ്പം പൊതു വികസനത്തിനും ഗതാഗതത്തിനും പാത പങ്കുവഹിക്കും. തീരദേശ ഹൈവേയുടെ കാര്യങ്ങൾ വിശദമായി പരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.വി. സുമേഷ് എം.എൽ.എ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കത്ത് നൽകിയിരുന്നു. ഉടൻ ഡി.പി.ആർ തയാറാക്കുമെന്നാണ് വിവരം.
അഴീക്കലിൽനിന്ന് മാട്ടൂലിനെ ബന്ധിപ്പിക്കാൻ അടിയിലൂടെ കപ്പലുകൾ കടന്നുപോകാൻ കഴിയുംവിധം വലിയ പാലം നിർമിക്കും. വിനോദസഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാവും പാലത്തിെൻറയും പാതയുടെയും നിർമാണം. പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകൾ, ധർമടം തുരുത്ത്, തലശ്ശേരി, കണ്ണൂർ കോട്ടകൾ തുടങ്ങിയവയുടെ സാധ്യതകൾ പരിഗണിച്ചാണ് പാത നിർമാണം. 2018 ഒക്ടോബറിലാണ് കിഫ്ബി പദ്ധതിക്ക് ഭരണാനുമതി നൽകിയത്.
ഒമ്പതു ജില്ലകളിലായി 17 റീച്ചുകളായാണ് നിർമാണം. 14 മീറ്റർ വീതി ലഭ്യമായ സ്ഥലങ്ങളിൽ വിശദ പദ്ധതിരേഖ തയാറാക്കി നിർമാണത്തിലേക്ക് നീങ്ങും. എട്ടുമുതൽ 12 വരെ മീറ്റർ വീതി ഇപ്പോൾ ലഭ്യമായ സ്ഥലത്ത് പ്രയാസരഹിതമായി ഭൂമി ഏറ്റെടുത്തു നിർമാണം തുടങ്ങാനാണ് നീക്കം.സ്ഥലമേറ്റെടുക്കൽ അസാധ്യമായ സ്ഥലങ്ങളിൽ എലിവേറ്റഡ് പാതകളും പരിഗണിക്കും. നിലവിലുള്ള ദേശീയപാതകളും സംസ്ഥാനപാതകളും തീരദേശ ഹൈവേയുടെ ഭാഗമായി മാറ്റുന്നതാണ് നാലാം ഭാഗത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.