കണ്ണൂർ: സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ വെള്ളിയാഴ്ച തുടങ്ങും. സെപ്റ്റംബർ 30 വരെയാണ് സമ്മേളനങ്ങൾ നടക്കുക. നിലവിൽ 3,838 ബ്രാഞ്ചുകളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ സമ്മേളനകാലത്ത് 3,685 ബ്രാഞ്ചും 218 ലോക്കലുമായിരുന്നു. നാലു വർഷത്തിനിടെ 319 ബ്രാഞ്ച് വർധിച്ചു. ലോക്കലുകൾ 225 ആയി.
300 മുതൽ 400 വരെ വീടിന് ഒരു ബ്രാഞ്ചായിരുന്നു നേരത്തെ. ഉണ്ടായിരുന്നത്. ഇപ്പോൾ 100 വീടിന് ഒരു ബ്രാഞ്ചെന്ന നിലയിലാണ്. ഈ സമ്മേളനത്തോടനുബന്ധിച്ചും ചിലയിടങ്ങളിൽ ബ്രാഞ്ച്, ലോക്കൽ ഘടകങ്ങൾ വിഭജിച്ച് പുതിയവ രൂപവത്കരിക്കും. പാർട്ടിയെയും വർഗ- ബഹുജന സംഘടനകളെയും കൂടുതൽ ശക്തിപ്പെടുത്താനുള്ള ചർച്ചകൾ സമ്മേളനത്തിലുണ്ടാകുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
കോവിഡ് ചട്ടം പാലിച്ചാകും സമ്മേളനങ്ങൾ.ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഴുവൻ പാർട്ടി അംഗങ്ങളും മറ്റു സമ്മേളനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമാണ് പങ്കെടുക്കുക. ബഹുജനങ്ങളെ പങ്കെടുപ്പിച്ച് കുടുംബയോഗം, പ്രഭാഷണം, വെബിനാർ, ടേബിൾടോക്ക്, കലാ-സാഹിത്യ മത്സരം എന്നിവ ഓൺലൈനായി നടത്തും. ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച് 3,838 കേന്ദ്രങ്ങളിൽ ശുചീകരണം നടന്നുവരുകയാണ്.
ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബറിലും 18 ഏരിയ സമ്മേളനങ്ങൾ നവംബറിലുമാണ്. എരിപുരത്തെ മാടായി റൂറൽ ബാങ്ക് ഹാളിൽ ഡിസംബർ 10 മുതൽ 12 വരെയാണ് ജില്ല സമ്മേളനം. ആദ്യമായാണ് എരിപുരം ജില്ല സമ്മേളനത്തിനു വേദിയാകുന്നത്.സംഘാടകസമിതി രൂപവത്കരണ യോഗം 28ന് വൈകീട്ട് നാലിന് മാടായി റൂറൽ ബാങ്ക് ഹാളിൽ ചേരുമെന്ന് എം.വി. ജയരാജൻ അറിയിച്ചു. ഇത്തവണത്തെ 23ാം പാർട്ടി കോൺഗ്രസിനും കണ്ണൂരാണ് വേദിയാകുന്നത്. അടുത്ത വർഷം ഏപ്രിലിലാണ് പാർട്ടി കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.