ധർമശാല: നിത്യേന നിരവധി ബസുകളടക്കം പോകുന്ന ധർമശാലയിലെ ചെറുകുന്ന് റോഡിന് സമാന്തരമായി നിർമിക്കുന്ന അടിപ്പാതയുടെ അളവിൽ ചെറിയമാറ്റം വരുത്തിയാലും ബസ് സർവിസ് നടത്താൻ മാത്രമുള്ള സൗകര്യം ലഭിക്കില്ലെന്ന് ആശങ്ക.
അടിപ്പാതയുടെ ഉയരത്തിൽ മാറ്റം വരുത്താൻ തീരുമാനമായെങ്കിലും ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് പോകാനാകില്ലെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. കഴിഞ്ഞദിവസം എ.ഡി.എം വിളിച്ച യോഗത്തിൽ ദേശീയപാത കരാറുകാരും സ്ഥലം എം.എൽ.എയുടെ പ്രതിനിധിയും ഡി.വൈ.എഫ്.ഐ നേതാക്കളും പങ്കെടുത്തു.
യോഗ തീരുമാനപ്രകാരം നിലവിൽ നിർമിക്കുന്ന അടിപ്പാതയുടെ ഉയരം രണ്ടു മീറ്ററിൽനിന്ന് മൂന്നര മീറ്ററാക്കി ഉയർത്തും. കൂടാതെ അടിപ്പാത ചെറുകുന്ന് റോഡ് കവാടത്തിലേക്കുതന്നെ ചെന്നുചേരുംവിധം മാറ്റാനും ധാരണയായി. നിലവിൽ നിർമിക്കുന്ന അടിപ്പാതയുടെ വീതി നാല് മീറ്ററായി തുടരും.
പുതിയ തീരുമാനപ്രകാരമുള്ള അടിപ്പാത നിർമിച്ചാലും ബസുകൾക്ക് പോകാനാകില്ലെന്ന് പറയുന്നു. സാധാരണ ഒരുബസ് പോകാൻ നാലു മീറ്ററോളം ഉയരം വേണ്ടിവരും. ടൂറിസ്റ്റ് ബസാണെങ്കിൽ കൂടുതൽ ഉയരം വേണം.
കൂടാതെ തളിപ്പറമ്പ് ഭാഗത്തുനിന്ന് ധർമശാല കവല കഴിഞ്ഞ് സർവിസ് റോഡ് വഴി പുതിയ നാല് മീറ്റർ വീതിയുള്ള അടിപ്പാതയിലേക്ക് ബസുകൾക്ക് സുഗമമായി കടക്കാനും സാധിക്കില്ലെന്നാണ് മോട്ടോർ തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നത്. ഉയരവും വീതിയും കൂട്ടിയാൽ മാത്രമേ നിലവിൽ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാകൂ.
മൂന്നാഴ്ച മുമ്പ് തുടങ്ങിയ നിർമാണ പ്രവൃത്തി അശാസ്ത്രീയമാണെന്നാരോപിച്ച് ഡി.വൈ.എഫ്.ഐയും റൂട്ടിലൂടെ സർവിസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരും സമര മുഖത്തായിരുന്നു. ബസ് ജീവനക്കാർ ഏപ്രിൽ 22ന് സർവിസ് നിർത്തി പണിമുടക്കിയാണ് പ്രതിഷേധിച്ചത്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രവൃത്തി തടഞ്ഞ് നിർമാണ സ്ഥലത്ത് കൊടി നാട്ടിയും പ്രതിഷേധത്തിലായിരുന്നു. തളിപ്പറമ്പ് ഭാഗത്തുനിന്ന് ചെറുകുന്ന് തറ വരെ പോകുന്ന 21 ബസുകളാണ് നിലവിൽ സർവിസ് നടത്തുന്നത്. സൗകര്യമുള്ള അടിപ്പാത ലഭിക്കാത്തപക്ഷം നിലവിലുള്ള ബസ് റൂട്ട് മുടങ്ങിയേക്കുമെന്നുള്ള ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.