കണ്ണൂർ: കണ്ണൂർ-തലശ്ശേരി ദേശീയപാതയിലെ ചാലയിൽ വാതക ടാങ്കർ ലോറിയുടെ എൻജിന്റെ ഭാഗത്ത് നിന്ന് ചെറിയ തോതിൽ തീയും പുകയും ഉയർന്നത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം. മംഗളൂരുവിൽ നിന്ന് പാലക്കാട് പോകുന്നതിനിടെ ചാല ബൈപ്പാസ് അമ്പലം സ്റ്റോപ്പിലെ അടിപ്പാതയിൽ എത്തിയപ്പോൾ നിന്നു പോവുകയായിരുന്നു. ഉടൻ സമീപത്തെ റസ്റ്റാറന്റിൽ നിന്ന് വെള്ളമെത്തിച്ച് തീയണച്ചു.
കണ്ണൂരിൽനിന്ന് ജില്ല അഗ്നിരക്ഷാ സേന ഓഫിസറുടെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് അഗ്നി രക്ഷാസേനയും എടക്കാട് പൊലീസും സ്ഥലത്തെത്തി. എൻജിൻ ഭാഗത്തുണ്ടായിരുന്ന ഷോർട്ട് സർക്യൂട്ടാണ് തീ ഉയർന്നതിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. അപകടം കണക്കിലെടുത്ത് വാഹനങ്ങളെ താഴെചൊവ്വ നടാൽ വഴിയാണ് വഴിതിരിച്ചുവിട്ടത്. അതിനിടെ ചാലയിൽ ടാങ്കർ ലോറി മറിഞ്ഞതായും ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് നാട്ടുകാരെ പരിഭ്രാന്തരാക്കി. 10 വർഷങ്ങൾക്കു മുന്നെ ചാലയിൽ ടാങ്കർ ദുരന്തത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞിരുന്നു. രണ്ടു വർഷം മുന്നെ ടാങ്കർ ലോറി മറിഞ്ഞ് വാതക ചോർച്ചയുമുണ്ടായിരുന്നു. അതിനിടെയാണ് ചിലർ ടാങ്കർലോറി മറിഞ്ഞതായി വ്യാജസന്ദേശം പ്രചരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.