കണ്ണൂര്‍: പാരിസില്‍ നടക്കുന്ന ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ബോക്സിങ് ടീം പറന്നിറങ്ങുമ്പോള്‍ കൂട്ടത്തില്‍ ഒരു കണ്ണൂര്‍ സ്വദേശിയുമുണ്ടാവും. അഴീക്കോട്ടുകാരനും ബോക്സിങ് ഫെഡറേഷന് ഓഫ് ഇന്ത്യ (ബി.എഫ്.ഐ) ഡെവലപ്മെന്റ് കമീഷന് വൈസ് ചെയര്‍മാനുമായ ഡോ. എന്‍.കെ. സൂരജ്, ബി.എഫ്.ഐയുടെ നിരീക്ഷകനായാണ് ടീമിനൊപ്പം പാരിസിലേക്ക് പോവുന്നത്. ബോക്സിങ് മത്സരങ്ങളുടെ നടത്തിപ്പ് നിരീക്ഷിക്കല്‍, അന്താരാഷ്ട്ര ബോക്സിങ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, ഇന്ത്യന്‍ ബോക്സര്‍മാരുടെ പ്രകടനവും തയാറെടുപ്പും മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്കല് എന്നിവയൊക്കെയാണ് അദ്ദേഹത്തിന്റെ ചുമതലകള്‍.
പ്രമുഖ പ്രവാസി വ്യവസായിയും മികച്ച സംഘാടകനും ലോക കേരളസഭാംഗവുമായ ഡോ. എന്‍.കെ. സൂരജ്, സംസ്ഥാന അമച്വര്‍ ബോക്സിങ് അസോസിയേഷന് പ്രസിഡന്റും ബി.എഫ്.ഐ ഡെവലപ്മെന്റ് കമീഷന് വൈസ് ചെയര്‍മാനുമാണ്. കണ്ണൂര്‍ ജില്ല ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റും ഫെന്‍സിങ് അസോസിയേഷൻ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനിയും കൂടിയാണ്. 2019ല്‍ കണ്ണൂരില്‍ നടത്തിയ ദേശീയ വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന്റെയും അതിനു മുന്നോടിയായി അഴീക്കോട് നടത്തിയ സംസ്ഥാന ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന്റെയും സംഘാടന മികവും ബി.എഫ്.ഐ ഡെവലപ്മെന്റ് കമീഷന് വൈസ് ചെയര്‍മാനെന്ന നിലയില്‍ നല്കിയ സംഭാവനകളും പരിഗണിച്ചാണ് നിരീക്ഷക ദൗത്യത്തിന് അർഹനായത്.
കായികരംഗത്ത് സമഗ്രതയുടെയും മികവിന്റെയും ഉയര്‍ന്ന നിലവാരം നിലനിര്‍ത്താനുള്ള ബി.എഫ്.ഐയുടെ പ്രതിബദ്ധതയാണ് ഡോ. സൂരജിന്റെ നോമിനേഷനിലൂടെ വ്യക്തമാവുന്നതെന്ന് ദ്രോണാചാര്യ അവാര്‍ഡ് ജേതാവും സംസ്ഥാന ബോക്സിങ് അസോസിയേഷന് സെക്രട്ടറിയും ഇന്ത്യന്‍ ബോക്സിങ് ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്ന ഡോ. ഡി. ചന്ദ്രലാല്‍ പറഞ്ഞു. നിരീക്ഷകനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് സൂരജ് പറഞ്ഞു. ജൂലൈ 27 മുതല്‍ 30 വരെയാണ് ബോക്സിങ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.