കണ്ണൂർ: ശാസ്ത്രീയമായ രീതിയിൽ അളന്നുതിട്ടപ്പെടുത്തി കൃത്യമായ ഭൂരേഖകൾ തയാറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റൽ റീസർവേ പ്രവൃത്തി ജില്ലയിൽ ഈ ആഴ്ച തുടങ്ങും. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം കഴിഞ്ഞദിവസം തലശ്ശേരിയിൽ നടന്നിരുന്നു.
നൂതന ഉപകരണമായ ആർ.ടി.കെ (റിയൽ ടൈം കിനിമാറ്റിക്) യന്ത്രം ഉപയോഗിച്ചാണ് ഡിജിറ്റൽ സർവേ നടത്തുക. ഇതിന്റെ പരിശോധന പൂർത്തിയായി. ജില്ലയിൽ ആദ്യമായി തലശ്ശേരി താലൂക്കിലെ തലശ്ശേരി വില്ലേജിലാണ് റീസർവേ നടക്കുക. ഇവിടേക്ക് ആവശ്യമായ 20 ജീവനക്കാർക്കുള്ള പരിശീലനം പൂർത്തിയായി. ആർ.ടി.കെ യന്ത്രത്തിന്റെ ലഭ്യതക്കുറവ് കാരണമാണ് തുടക്കത്തിൽ തലശ്ശേരി വില്ലേജിൽമാത്രം സർവേ നടക്കുന്നത്. യന്ത്രം കൂടുതൽ ലഭിച്ചാൽ ഉടൻ കണ്ണൂർ താലൂക്കിൽ കണ്ണൂർ ഒന്ന്, കണ്ണൂർ രണ്ട്, പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, അഴീക്കോട് നോർത്ത്, വളപട്ടണം, തലശ്ശേരി താലൂക്കിൽ കോട്ടയം, ഇരിട്ടി താലൂക്കിൽ ചാവശ്ശേരി, വിളമന, കണിച്ചാർ, കരിക്കോട്ടക്കരി, ആറളം എന്നീ വില്ലേജുകളിൽ സർവേ നടക്കും.
ആദ്യഘട്ട സർവേ ആറുമാസത്തിനകം പൂർത്തിയാക്കാനാവും. സർവേ ഉദ്യോഗസ്ഥരെ സഹായിക്കാൻ ജില്ലയിൽ 48 സർവേയർമാരെയും 180 ഹെൽപർമാരേയും താൽക്കാലികമായി നിയമിക്കും. ഭൂമിസംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഡിജിറ്റൽ സർവേയിലൂടെ സാധിക്കും.
പല റെക്കോഡുകളും കാലഹരണപ്പെട്ടതുകൊണ്ട് ഇവ നിലവിലെ റവന്യൂ ഭരണത്തിന് പര്യാപ്തമല്ല. ഇത് പരിഹരിക്കുന്നതിനോടൊപ്പം ഭൂവുടമകൾ തമ്മിലുളള അതിർത്തി അവകാശ തർക്കങ്ങൾ നീതിയുക്തമായി പരിഹരിക്കുന്നതിനുമാണ് റീസർവേ ചെയ്യുന്നത്.
സംസ്ഥാനത്തുള്ള ഓരോ കൈവശ ഭൂമിയുടെയും സ്ഥാനം, അതിർത്തി, വിസ്തീർണം എന്നിവ നിർണയിക്കുക, സ്വകാര്യവസ്തുക്കളുടെ അതിർത്തി തിരിച്ച് സ്ഥിരമായ സർവേ അടയാളങ്ങൾ സ്ഥാപിച്ച് അതനുസരിച്ച് റെക്കോഡ് തയാറാക്കി സൂക്ഷിച്ച് ഭൂവുടമകൾ തമ്മിലെ അതിർത്തി തർക്കങ്ങൾ നീതിപൂർവം പരിഹരിക്കുക, വിസ്തീർണത്തിന് ആനുപാതികമായ നികുതി ഈടാക്കുക, സർക്കാർ അധീനതയിലുള്ള ഭൂമിയുടെ റെക്കോഡ് തയാറാക്കി അനധികൃത കൈയേറ്റങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കുക, പട്ടയം നൽകുന്ന നടപടികൾ ലഘൂകരിക്കുക, 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിക്കാവശ്യമായ ഭൂമി കണ്ടെത്തുക, ബൗണ്ടറി മാപ്പുകൾ കൃത്യമായി തയാറാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.