കണ്ണൂർ: ആയിരക്കണക്കിന് ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും ആശ്വാസം പകർന്ന കണ്ണൂരിലെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോ. ശാന്ത മാധവൻ വിടവാങ്ങി. അമ്പത് വർഷത്തോളം ഈ മേഖലയിൽ പ്രവർത്തിച്ച ജനകീയ ഡോക്ടറെന്ന നേട്ടവുമായാണ് ശാന്ത മാധവൻ എന്നേക്കുമായി വിരമിച്ചത്. തെക്കീബസാർ ജെ.ജെ.എസ് ഹോസ്പിറ്റലിന്റെ ഉടമയായ അവർ ഏറെക്കാലം ഇവിടെ രോഗികളെ പരിശോധിച്ചു. നവനീതം ഓഡിറ്റോറിയത്തിന് സമീപത്തെ ശാരദ ക്ലിനിക്കിലും പരിശോധിച്ചിരുന്നു.
ആർമിയിൽ ഡോക്ടറായിരുന്ന ഭർത്താവ് പി. മാധവൻ സർവിസിൽനിന്ന് വിരമിച്ച ശേഷമാണ് തെക്കീബസാർ ജെ.ജെ.എസ് ആശുപത്രി തുടങ്ങിയത്. 1960കളിൽ ഇരുവരും കണ്ണൂർ ജില്ല ആശുപത്രിയിലും സേവനമനുഷ്ഠിച്ചു. സൗമ്യമായ പെരുമാറ്റത്തിലൂടെ ശാന്ത മാധവൻ രോഗികളുടെയും ഉറ്റവരുടെയും പ്രിയപ്പെട്ട ഡോക്ടറായി. 1993ൽ ഇരുവരും പരിശോധന നിർത്തി വിദേശത്ത് മക്കളുടെ അടുത്തേക്ക് താമസം മാറി.
2016ൽ ഡോ. മാധവന്റെ മരണശേഷം തെക്കീബസാറിലെ ദി ആങ്കർ വീട്ടിൽ വിശ്രമജീവിതത്തിലായിരുന്നു ശാന്ത. രണ്ടു വർഷം മുമ്പുണ്ടായ വീഴ്ചയിൽ കാലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് ശേഷം വീൽചെയറിലായതൊഴിച്ചാൽ മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞായറാഴ്ച ഉച്ചയോടെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. വിദേശത്തുള്ള മക്കൾ നാട്ടിൽ വരാനുള്ളതിനാൽ ബുധനാഴ്ച പയ്യാമ്പലത്താണ് സംസ്കാരം. കഴിഞ്ഞ ഡോക്ടേഴ്സ് ദിനത്തിൽ ഐ.എം.എയുടെ നേതൃത്വത്തിൽ ഡോ. ശാന്ത മാധവനെ വീട്ടിലെത്തി ആദരിച്ചിരുന്നു. ശാന്ത മാധവന്റെ നിര്യാണത്തോടെ ജില്ലയിലെ ആദ്യകാല ഗൈനക്കോളജിസ്റ്റിനെയാണ് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.