കൊന്നും കാലറുത്തും മയക്കുമരുന്ന് സംഘങ്ങൾ

കണ്ണൂർ: മയക്കുമരുന്ന് സംഘങ്ങളുടെ അക്രമങ്ങളിൽ വിറച്ചിരിക്കുകയാണ് കണ്ണൂർ. ചോദ്യം ചെയ്യുന്നവരെ കൊന്നും കാലറുത്തും അരാജകത്വം സൃഷ്ടിക്കുകയാണ് ഇത്തരം സംഘങ്ങൾ.

ആയിക്കരയിൽ വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഹോട്ടലുടമ കുത്തേറ്റ് കൊല്ലപ്പെട്ട് ഒന്നരമാസം പൂർത്തിയാകുന്നതിനിടെയാണ് ഇതേ പ്രദേശത്ത് മത്സ്യത്തൊഴിലാളിയുടെ കാൽ മയക്കുമരുന്ന് സംഘം അറുത്തുമാറ്റിയത്. ഹോട്ടലുടമ തായത്തെരുവിലെ ജസീർ കാർ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട് പ്രതികളുമായി പെട്ടെന്നുണ്ടായ വാക്കുതർക്കവും കൈയാങ്കളിയുമാണ് കൊലയിലേക്ക് നയിച്ചത്.

സംഭവത്തിൽ ഉൾപ്പെട്ടവർ ലഹരിസംഘങ്ങളുമായി ബന്ധമുള്ളവരായിരുന്നു. അതിനുശേഷവും കണ്ണൂർ സിറ്റി, ആയിക്കര, ഉരുവച്ചാൽ, തയ്യിൽ എന്നിവിടങ്ങളിൽ ചെറുതും വലുതുമായ അക്രമങ്ങളുണ്ടായി.

പിന്നീടാണ് ബർണശ്ശേരിയിലെ മത്സ്യത്തൊഴിലാളി വിൽഫ്രഡ് ഡേവിഡിന്‍റെ കാൽ വെട്ടിയരിഞ്ഞത്. ഞായറാഴ്ച രാത്രി കടലിൽ പോകാൻ സ്കൂട്ടറിൽ ആയിക്കരയിലേക്ക് പോകുന്നതിനിടയിലാണ് സംഭവം.

മയക്കുമരുന്ന് സംഘം റോഡിൽ ഗതാഗതം തടസ്സപ്പെടുത്തുംവിധം ബൈക്കിലും മറ്റുമായി ഇരിക്കുന്നത് ചോദ്യം ചെയ്തതോടെ ഇരുമ്പുവടിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വാളെടുത്ത് ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ചാണ് ക്രൂരമായി കാൽ വെട്ടിയെടുത്തത്.

മാരകായുധവുമായി പോർവിളി നടത്തുന്ന സംഘത്തിനുമുന്നിൽ നാട്ടുകാർക്കും കാഴ്ചക്കാരായി നിൽക്കേണ്ടിവന്നു. അക്രമിസംഘം പോയശേഷമാണ് വിൽഫ്രഡിനെ ആശുപത്രിയിലേക്ക് മാറ്റാനായത്.

സദാസമയവും ആയുധമേന്തി

മയക്കുമരുന്ന് സംഘത്തിനെതിരെ പരാതി പറയുന്നവരെയും ചോദ്യം ചെയ്യുന്നവരെയും ശരിപ്പെടുത്താൻ ആയുധവുമായാണ് നടപ്പ്. വാഹനത്തിലോ കീശയിലോ സൂക്ഷിച്ച കത്തിയും വാളുമാണ് അക്രമത്തിന് ഉപയോഗിക്കുന്നത്. കൈയിൽ സൂക്ഷിച്ച കത്തികൊണ്ടാണ് ഹോട്ടലുടമയെ പ്രതികൾ നെഞ്ചിൽ കുത്തി വകവരുത്തിയത്. വാഹനത്തിൽ സൂക്ഷിച്ച ഇരുമ്പുദണ്ഡുകളും വാളുമാണ് മത്സ്യത്തൊഴിലാളിയെ അക്രമിക്കാൻ ഉപയോഗിച്ചത്. ഇരുട്ടിൽ ഓടിരക്ഷപ്പെട്ട് വീട്ടിനുമുന്നിൽ എത്തിയതിനാലാണ് ജീവൻ രക്ഷിക്കാനായത്.

നാട്ടുകാരും കുടുംബവും നോക്കിനിൽക്കേയാണ് ആക്രോശിച്ചുകൊണ്ട് വലതുകാൽ വെട്ടിയരിഞ്ഞത്. ഹോട്ടലുടമ ജസീർ കൊല്ലപ്പെട്ടതോടെ സിറ്റി മേഖല കേന്ദ്രീകരിച്ച് പൊലീസ് പരിശോധന കർശനമാക്കിയിട്ടും കാര്യമുണ്ടായില്ല. വ്യാജവാറ്റും കഞ്ചാവും രാസലഹരി ഗുളികകളുമായി കടലോരത്തെ പഴയ കെട്ടിടങ്ങൾ, നിർമാണത്തിലിരിക്കുന്ന വീടുകൾ, റെയിൽപാളങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം. പലപ്പോഴും പൊലീസിനും എക്സൈസിനും ഈ ഭാഗത്തേക്ക് കടക്കാൻ പോലും കഴിയാറില്ല.

ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന മത്സ്യവണ്ടികളിലാണ് മയക്കുമരുന്ന് കടത്തെന്നും പരാതിയുണ്ട്. ഭീഷണി, ആക്രമണം എന്നിവ ഭയന്ന് ആരും പൊലീസിൽ പരാതിപ്പെടാറില്ല. പൊലീസിനോ എക്സൈസിനോ വിവരം നൽകുന്നവരോട് പകവീട്ടുന്ന സംഭവങ്ങളും മേഖലയിലുണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥർക്കിടയിലും ഇവർക്ക് പിടിയുണ്ടെന്നാണ് വിവരം. മയക്കുമരുന്ന് വിൽപന അധികാരികളെ അറിയിച്ചവരെ തിരഞ്ഞുപിടിച്ച് ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവങ്ങൾ ആയിക്കരയിലടക്കം ഉണ്ടായിട്ടുണ്ട്.

മാഫിയ സംഘങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും സജീവമാണ്. ഉരുവച്ചാലിൽ വിൽപനയെചൊല്ലി ഇരുസംഘങ്ങൾ തമ്മിലുള്ള തർക്കം തെരുവുയുദ്ധത്തിലേക്ക് കടന്നിരുന്നു. ജില്ലയിൽ ലഹരിസംഘങ്ങൾ വിലസുന്ന പ്രദേശത്തെ ചെറുറോഡുകളില്‍ അടക്കം രാത്രി പട്രോളിങ് പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യം. ആയിക്കരയിലെ കൊലപാതകത്തിനുശേഷം, രാത്രി വൈകി നഗരത്തിൽ കഴിച്ചുകൂട്ടുന്നവരെ കർശനമായി നിരീക്ഷിക്കുകയും വാഹനം പരിശോധിക്കുകയും ചെയ്തിരുന്നു.

വഴിമുടക്കും അസഭ്യവർഷവും

കണ്ണൂർ സിറ്റി, ആയിക്കര, ഉരുവച്ചാൽ, കൊടപ്പറമ്പ്, മരക്കാർകണ്ടി, തയ്യിൽ, കണ്ണൂക്കര കുളം, സൗത്ത് റെയിൽവേ സ്റ്റേഷൻ, തലശ്ശേരി കടലപാലം, മട്ടാമ്പ്രം തുടങ്ങിയ ഭാഗങ്ങളിലാണ് മയക്കുമരുന്ന് സംഘങ്ങൾ സജീവമാകുന്നത്. പൊലീസ് സാന്നിധ്യം മനസ്സിലാക്കിയാൽ പാറക്കൂട്ടങ്ങളിലും കുന്നുകളിലും ഒളിക്കും.

തീരദേശത്തടക്കം രാത്രി ചെറുറോഡുകളിൽ ഇത്തരം സംഘങ്ങൾ ക്യാമ്പ് ചെയ്യും. വാഹനവുമായെത്തുന്ന കുടുംബങ്ങളെയും സഞ്ചാരികളെയും വഴിയിൽ തടയും. കമന്‍റടിയും അസഭ്യവർഷവും വേറെ. പ്രതികരിക്കുന്നവരെ കൈകാര്യം ചെയ്യും. പലരും ഭയന്ന് പരാതിപോലും പറയാറില്ല. നിരീക്ഷണ കാമറകൾ പോലുമില്ലാത്ത സ്ഥലങ്ങളിലാണ് ലഹരിസംഘങ്ങളുടെ അഴിഞ്ഞാട്ടം. പരസ്യ മദ്യപാനവും തകൃതിയാണ്. റോഡിൽ വഴിമുടക്കി ബൈക്കും കാറും നിർത്തിയിടും. പലരിൽനിന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായും പരാതിയുണ്ട്.

ജില്ലയിലേക്ക് മയക്കുമരുന്നൊഴുകുന്നു

അതിമാരക ന്യൂജെൻ രാസലഹരി മരുന്നുകളടക്കം കണ്ണൂരിലേക്ക് ലഹരിവസ്തുക്കളുടെ ഒഴുക്കാണ്. കർണാടക വഴിയാണ് മയക്കുമരുന്ന് കടത്ത് വ്യാപകം. 1.95 കിലോ എം.ഡി.എം.എ, 67 ഗ്രാം ബ്രൗൺഷുഗർ, ഏഴര ഗ്രാം ഒ.പി.എം എന്നിവ സഹിതം മുഴപ്പിലങ്ങാട് സ്വദേശികളായ ദമ്പതികളെ ഒരാഴ്ച മുമ്പ് പൊലീസ് പിടികൂടിയിരുന്നു.

ബംഗളൂരുവിൽനിന്ന് കൊറിയർ സർവിസ് വഴി ബസിൽ പാർസലായി മയക്കുമരുന്നുകൾ നഗരത്തിലെത്തിച്ച് വിൽപന നടത്തിവരുകയായിരുന്നു ദമ്പതികൾ. ഇതിനുപിന്നാലെ നഗരത്തിൽ മയക്കുമരുന്ന് വിതരണകേന്ദ്രം തന്നെ സിറ്റി പൊലീസ് കണ്ടെത്തിയിരുന്നു. വലിയ നഗരങ്ങളിലെ ഡി.ജെ പാര്‍ട്ടികളില്‍ പ്രധാനമായും ഉപയോഗിക്കുന്ന എം.ഡി.എം.എ (മെത്തലിൽ ഡയോക്സി മെത്തഫിറ്റമിൻ), എല്‍.എസ്.ഡി (ലൈസർജിക് ആസിഡ് ഡൈ ഈതൈലമൈഡ്) തുടങ്ങിയ മയക്കുമരുന്നുകൾ ഇപ്പോൾ ജില്ലയിലും സുലഭമാണ്.

പൊലീസിനുപുറമെ 50 ഗ്രാമോളം എം.ഡി.എം.എയാണ് ഈ വർഷം എക്സൈസ് പിടികൂടിയത്. 0.1586 ഗ്രാം എൽ.എസ്.ഡിയും എക്സൈസ് വലയിലായി. കഴിഞ്ഞ വർഷം 538 മില്ലിഗ്രാം എൽ.എസ്.ഡിയും 160.49 ഗ്രാം എം.ഡി.എം.എയുമാണ് ജില്ലയിൽ എക്സൈസ് പിടികൂടിയത്. ജില്ലയിൽ ലഹരിക്കടത്ത് വർധിച്ചതോടെ കണ്ണൂര്‍ സിറ്റി പൊലീസ് പരിധിയിലെ സേനാംഗങ്ങള്‍ക്ക് മയക്കുമരുന്നു കേസുകള്‍ കണ്ടെത്തുന്നതിനും അന്വേഷിക്കുന്നതിനുമുള്ള പരിശീലനം കഴിഞ്ഞദിവസം നല്കിയിരുന്നു.

Tags:    
News Summary - drug mafia behind murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.