കണ്ണൂർ: സാംക്രമിക രോഗങ്ങൾ പടരാതിരിക്കാൻ ജാഗ്രതയുമായി ആരോഗ്യവകുപ്പ്. 2024ലെ സാംക്രമിക രോഗങ്ങളുടെ കണക്ക് അനുസരിച്ച് ജില്ലയിൽ 142 കേന്ദ്രങ്ങൾ ഹോട്സ്പോട്ടുകളാണ്. ഡെങ്കി -77, എലിപ്പനി-16, ഹെപ്പറ്റെറ്റിസ് എ-49 എന്നിങ്ങനെയാണ് ഹോട്സ്പോട്ടുകൾ.
ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ തോട്ടം മേഖലയിലും വീടിനകത്ത് സൂക്ഷിച്ച മണി പ്ലാന്റ് പോലെയുള്ള ഇൻഡോർ ചെടികളിലും ഫ്രിഡ്ജിന്റെ ട്രേ തുടങ്ങിയവയിലും കൊതുക് വളരുന്ന സാഹചര്യമാണ് കണ്ടെത്തിയത്.
ജില്ലയിൽ 50 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാരിലാണ് കൂടുതലായി എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. ചെളി വെള്ളവുമായി നിരന്തരം സമ്പർക്കം ഉള്ളവർ, നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, മത്സ്യബന്ധനം നടത്തുന്നവർ, മൃഗപരിപാലകർ, കൃഷിപ്പണിക്കാർ എന്നിവയിലാണ് കൂടുതലായി കേസുകൾ. സ്ത്രീകളിൽ കൂടുതലായി വീട്ടമ്മമാരിലാണ് രോഗബാധ. മദ്യപാനം, മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ളവരിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്.
അന്തർസംസ്ഥാന തൊഴിലാളികളിലാണ് കൂടുതൽ മലമ്പനി റിപ്പോർട്ട് ചെയ്യുന്നതെങ്കിലും തദ്ദേശീയ കേസുകളുമുണ്ടായി. സംസ്ഥാനത്തിന് പുറത്തേക്ക് സഞ്ചരിക്കാതെ തന്നെ മലമ്പനി പടരുന്ന സാഹചര്യമാണിത്. കെട്ടിട നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ കേസുകൾ വരാനുള്ള സാഹചര്യം കൂടുതലാണ്. അത്തരം പ്രദേശങ്ങളിൽ കൊതുക് സാന്ദ്രത കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്തവർക്കാണ് കൂട്ടമായി ഹെപ്പറ്റെറ്റിസ് എ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. മാലൂരിൽ ഒരു പഠന കേന്ദ്രത്തിലെ കിണർ കേന്ദ്രീകരിച്ചും പരിയാരത്ത് ഒരു ഉത്സവ പ്രദേശം കേന്ദ്രീകരിച്ചും തൃപ്പങ്ങോട്ടൂരിൽ ഒരു കല്യാണ ആഘോഷത്തിൽ പങ്കെടുത്തവർക്കും കേസുകൾ റിപ്പോർട്ട് ചെയ്തു.
കുടിക്കാനുള്ളതായാലും കെട്ടിനിൽക്കുന്നതായാലും വെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധവേണം. ജലജന്യ രോഗങ്ങൾ തടയാൻ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം.
പൊതു ഇടങ്ങളിലെയും വീടുകളിലെയും മറ്റു സ്ഥലങ്ങളിലെയും കിണറുകൾ യഥാസമയം വാട്ടർ ക്വാളിറ്റി ടെസ്റ്റിങ്, കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ, ആരോഗ്യ സ്ഥാപനങ്ങളിലെ പൊതുജനാരോഗ്യ വിഭാഗം കൂൾബാറുകൾ, വഴിയോര കച്ചവടം നടത്തുന്നവർ, ഹോട്ടലുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ, കുടിവെള്ള വിതരണം നടത്തുന്ന സ്വകാര്യ ഏജൻസികളുടെ വെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തൽ തുടങ്ങിയ നടപടികൾ സ്വീകരിക്കണം.
തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, മത്സ്യബന്ധന തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ എന്നിവരാണ് എലിപ്പനിയുടെ ഹൈറിസ്ക് ഗ്രൂപ്പ്.
എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഹൈറിസ്ക് ഗ്രൂപ്പിന്റെ പട്ടിക തയാറാക്കി ഡോക്സിസൈക്ലിൻ ഗുളിക ആഴ്ചയിൽ ഒരു തവണ വീതം കഴിക്കാൻ നൽകുന്നുണ്ട്. കൊതുകുജന്യ കേസുകൾ തടയാനായി വാർഡുകളിൽ സ്ക്വാഡ് പ്രവർത്തനം, ഫീവർ സർവേ, ഉറവിട നശീകരണം, ഫോഗിങ്, സ്പ്രേയിങ്, ബോധവത്കരണ ക്ലാസുകൾ, സ്ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിക്കണം.
മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമാക്കാൻ ജില്ല കലക്ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു. മഴക്കാല പൂർവ മുന്നൊരുക്കം നടത്തേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ ജില്ല സർവേലൻസ് ഓഫിസർ ഡോ. കെ.സി. സച്ചിൻ വിശദീകരിച്ചു.
നിലവിൽ മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ജാഗ്രത സമിതികൾ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. വിവിധ ഹാർബറുകളിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ ബോട്ടുകൾ, ടയറുകൾ എന്നിവയിൽ വെള്ളം നിറഞ്ഞ് അവിടെ കൊതുക് വളരാനുള്ള സാഹചര്യമുണ്ട്.
അത് നീക്കം ചെയ്യാൻ ഹാർബർ എൻജിനീയറിങ് വിഭാഗത്തിനോട് യോഗത്തിൽ നിർദേശിച്ചു. അതിഥി തൊഴിലാളികളുടെ സ്ക്രീനിങ്ങിന് തൊഴിലാളികളെ ലഭിക്കാറില്ല. ഇതിനായി ലേബർ വകുപ്പിന്റെ സഹകരണം തേടി. ജില്ലയിൽ ഏതാണ്ട് 3430 തോട്ടങ്ങളുണ്ട്.
ഇതിൽ ഉടമസ്ഥർ സ്ഥലത്തുള്ളതും ഇല്ലാത്തതുമുണ്ട്. ഈ പ്ലാന്റേഷനുകളിൽ കൃത്യമായിട്ട് ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് ഉറപ്പുവരുത്താൻ കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
കണ്ണൂർ കോർപറേഷൻ, അഴീക്കോട്, തലശ്ശേരി നഗരസഭ, ചിറ്റാരിപ്പറമ്പ്, ധർമടം, പാപ്പിനിശ്ശേരി, പയ്യന്നൂർ നഗരസഭ, പേരാവൂർ, പാനൂർ നഗരസഭ, കരിവെള്ളൂർ-പെരളം, മട്ടന്നൂർ നഗരസഭ, മൊകേരി.
അന്തർസംസ്ഥാന തൊഴിലാളികളിലാണ് കൂടുതൽ മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. 2024ൽ തദ്ദേശീയ മലമ്പനി കണ്ണൂർ കോപറേഷനിൽ ഡിവിഷനിൽ റിപ്പോർട്ട് ചെയ്തു. മുംബൈ, മംഗളൂരു, ആഫ്രിക്ക എന്നിവിടങ്ങളിൽ സന്ദർശിച്ചു തിരിക വന്ന ആളുകളിലും രോഗബാധയുണ്ടായി.
കണ്ണൂർ കോർപറേഷൻ, പേരാവൂർ, പായം, ചെറുപുഴ, കണിച്ചാർ, ആറളം, കേളകം, മട്ടന്നൂർ, മുണ്ടേരി, കോളയാട്, ഉളിക്കൽ, പടിയൂർ.
മാലൂർ, പരിയാരം, തൃപ്പങ്ങോട്ടൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ ഈ വർഷം പടർന്നുപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.