ഐ.​എ​ൻ.​എ​സ് കാ​ബ്ര അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ത്ത് എ​ത്തി​യ​പ്പോ​ൾ

ഇന്ത്യൻ പടക്കപ്പൽ അഴീക്കോട്ട് എത്തി

കണ്ണൂർ: ഇന്ത്യൻ നാവികസേനയുടെ പടക്കപ്പൽ ആദ്യമായി അഴീക്കോട് തുറമുഖമണഞ്ഞു. ഐ.എൻ.എസ് കാബ്ര ടി 76 ആണ് വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെ അഴീക്കൽ തുറമുഖത്ത് നങ്കൂരമിട്ടത്. ദക്ഷിണ കമാൻഡിന് കീഴിലുള്ള ഹൈഡ്രോജെറ്റ് വിഭാഗത്തിലെ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റായ ഐ.എൻ.എസ് കാബ്ര നാവികസേനയുടെ അഭിമാനമാണ്.

ക്യാപ്റ്റനും കമാൻഡിങ് ഓഫിസറുമായ കമാൻഡൻഡ് സുശീൽ കുമാർ സിങ്ങിന്റെ നേതൃത്വത്തിൽ എത്തിയ പടക്കപ്പലിനെ കെ.വി. സുമേഷ് എം.എൽ.എ, അഴീക്കോട് പഞ്ചായത്ത് പ്രസിഡൻറ് കെ. അജീഷ്, സീനിയർ പോർട്ട് കൺസർവേറ്റർ അജിനേഷ് മാടങ്കര, പോർട്ട് ഓഫിസർ പ്രതീഷ് ജി. നായർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

കപ്പലിൽ അഞ്ച് ഓഫിസർമാരും 42 സെയിലർമാരുമാണുള്ളത്. കൊച്ചിയിൽനിന്ന് അഴീക്കോട്ടെത്തിയ പടക്കപ്പൽ ശനിയാഴ്ച രാവിലെ 11ഓടെ കൊച്ചിയിലേക്ക് മടങ്ങും. ലെഫ്. കമാൻഡൻഡ് ബി. ദത്താണ് കപ്പലിന്റെ സെക്കൻഡ് കമാൻഡിങ് ഓഫിസർ. കൊച്ചി കേന്ദ്രീകരിച്ച് കേരള തീരത്ത് അറബിക്കടലിൽ പതിവായി പട്രോളിങ് നടത്തുന്ന പടക്കപ്പൽ മത്സ്യത്തൊഴിലാളികളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അഴീക്കോട് പോലുള്ള ചെറുതുറമുഖങ്ങൾ സന്ദർശിക്കുന്നതെന്ന് ക്യാപ്റ്റൻ പറഞ്ഞു. നേരത്തെ ബേപ്പൂർ, വിഴിഞ്ഞം, കൊല്ലം തുറമുഖങ്ങൾ സന്ദർശിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ നാവികസേനയുടെ കണ്ണും കാതുമാണെന്ന് അദ്ദേഹം പറഞ്ഞു. കടലിൽ നേവിയുടെ നൂറുകണക്കിന് കപ്പലുകളുണ്ട്.

എന്നാൽ, ആയിരക്കണക്കിന് ബോട്ടുകളിലാണ് മത്സ്യത്തൊഴിലാളികളുള്ളത്. അത്തരമൊരു ബോട്ടിൽ ഒരു അക്രമി വന്നാൽ, ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുക മത്സ്യത്തൊഴിലാളികൾക്കായിരിക്കും.

നാവികസേനയുടെ കരുത്താവേണ്ടവരാണ് മത്സ്യത്തൊഴിലാളികളെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.എസ് കാബ്ര വാട്ടർ ജെറ്റ് അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കുന്നിടത്ത് പട്രോളിങ് നടത്തിയാൽപോലും വലകൾക്ക് കേടുപാട് സംഭവിക്കുന്നില്ല. മണിക്കൂറിൽ 65 കിലോ മീറ്ററാണ് കപ്പലിന്റെ വേഗം.

കടൽ സുരക്ഷക്കായി മിനിറ്റിൽ ആയിരം റൗണ്ട് വെടി വെക്കാൻ കഴിയുന്ന, കാമറയുമായി ബന്ധിപ്പിച്ച 30 എം.എം തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കപ്പലിലുണ്ട്.

ആഴക്കടലിൽനിന്നുപോലും നാവികസേന ആസ്ഥാനവുമായി ബന്ധപ്പെടാൻ കഴിയുന്ന കമ്യൂണിക്കേഷൻ സംവിധാനം ഇതിലുണ്ട്. അന്തമാൻ നികോബറിലെ ഒരുദ്വീപിന്റെ പേരിലുള്ള കപ്പൽ കൊൽക്കത്ത ജി.ആർ.എസ്.ഇയിൽ പൂർണമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. വളരെ വേഗത്തിൽ സഞ്ചരിക്കാനും ആഴം കുറഞ്ഞ പ്രദേശത്തെത്താനും കപ്പലിന് കഴിയും. അഴീക്കോട് തുറമുഖം മറ്റേത് ചെറുതുറമുഖത്തേക്കാളും നൂറുമടങ്ങ് മികച്ചതാണെന്നും ക്യാപ്റ്റൻ സാക്ഷ്യപ്പെടുത്തി. വിദ്യാർഥികളും നാട്ടുകാരുമടക്കം നിരവധി പേരാണ് കപ്പൽ സന്ദർശിക്കാനായി അഴീക്കലിലെത്തിയത്.

Tags:    
News Summary - INS Cabra T76 reached azheekode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.