മുഹമ്മദ് ഇർഷാദും ഫഹീമയും എല്ലാവർക്കും അനുകരിക്കാവുന്ന മാതൃകയൊരുക്കിയാണ് ജീവിതത്തിലേക്ക് കൈകോർത്തുപിടിക്കുന്നത്. മഹർ വാങ്ങിക്കുന്നതിനുള്ള പണവും വിവാഹദിനത്തിൽ വാങ്ങുന്ന വിലകൂടിയ വസ്ത്രത്തിനുള്ള പണവും പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിന് നീക്കിവെച്ചാണ് ഇവർ മറ്റുള്ളവരുടെ ജീവിതത്തിലും പ്രകാശംചൊരിയുന്നത്.
മലപ്പുറം കോട്ടക്കലിലെ ഫർണിച്ചർ വ്യാപാരിയാണ് മുഹമ്മദ് ഇർഷാദ്. ആയിപ്പുഴയിലെ ചേക്കിൻറകത്ത് ഹൗസിൽ ബഷീർ- റഹീമ ദമ്പതികളുടെ മകളായ ഫഹീമ ബംഗളൂരു അസീം പ്രേംജി (വിപ്രോ) യൂനിവേഴ്സിറ്റിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ്. ലളിതമായ വിവാഹമെന്ന ഇവരുടെ മാതൃകാപരമായ തീരുമാനത്തിന് മാതാപിതാക്കളും ബന്ധുക്കളും പിന്തുണ നൽകിയതോടെ വേറിട്ട കല്യാണമാകുകയായിരുന്നു.
ഫഹീമ ആർഭാടരഹിതമായ കല്യാണത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഇർഷാദ് സമ്മതിച്ചു. മഹറായി സ്വർണത്തിന് പകരം അതിെൻറ തുക പണമായി തരണമെന്ന് കൂടി ഫഹീമ ആവശ്യപ്പെട്ടു. ഈ പണവും തുകയും വിവാഹ വസ്ത്രങ്ങൾക്ക് വേണ്ടിവരുന്ന വലിയ തുകയും ചേർത്ത് നിർധനരായ വിദ്യാർഥികളുടെ പഠനച്ചെലവിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
ഫഹീമ കല്യാണദിവസം അണിഞ്ഞ വസ്ത്രം അവർതന്നെ സ്വയം തയ്ച്ചെടുത്തതായിരുന്നു. പരേതനായ കൊടിയേങ്ങൽ അലവിക്കുട്ടി ഹാജിയുടെയും അടാട്ടിൽ ഇയ്യാത്തുട്ടിയുടെയും മൂന്നാമത്തെ മകനും കോട്ടക്കലിലെ ഇൻഡ്രോ ഫർണിച്ചർ ഉടമയുമാണ് ഇർഷാദ്. മറ്റുള്ളവർക്ക് മാതൃകയായി ജീവിതം തുടങ്ങാനായതിന്റെ സന്തോഷത്തിലാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.