ഇരിട്ടി: റോഡിലെ വെള്ളക്കെട്ട് മാറ്റാൻ ഒറ്റയാൾ പോരാട്ടവുമായി 65കാരനായ ചാത്തോത്ത് വീട്ടിൽ വി.വി. രവീന്ദ്രൻ. ഇരിട്ടി നരിക്കുണ്ടം റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചും മഴക്കാലത്ത് റോഡിൽ സ്ഥിരമായുണ്ടാകുന്ന വെള്ളക്കെട്ടിനെക്കുറിച്ചും കഴിഞ്ഞദിവസം മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് രവീന്ദ്രൻ ഒറ്റയാൾ പോരാട്ടവുമായി രംഗത്തിറങ്ങിയത്. കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മഴക്കാലം തുടങ്ങുന്നതിന് ഏതാനും ആഴ്ചമുമ്പാണ് റോഡ് മുഴുവനായി കീറിയത്. മഴ തുടങ്ങിയതോടെ മണ്ണ് മുഴുവൻ കുത്തിയൊഴുകി റോഡില്ലാത്ത അവസ്ഥയിലായി.
വർഷങ്ങളായി മഴപെയ്താൽ രൂപപ്പെടുന്ന വെള്ളക്കെട്ട് വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും മഴക്കാലത്ത് ഏറെദുരിതം സൃഷ്ടിച്ചിരുന്നു. മുമ്പ് മൺറോഡായിരുന്ന കാലത്തുതന്നെ ഇവിടെ വെള്ളക്കെട്ട് സ്ഥിരമായിരുന്നു. ഒടുവിൽ ടാർ റോഡായി മാറിയപ്പോഴും സ്ഥലം ഉയർത്തി വെള്ളക്കെട്ട് മാറ്റാനുള്ള ശ്രമം ഉണ്ടായില്ല. മഴക്കാലത്ത് കുളം പോലെയുള്ള ചളിവെള്ളക്കെട്ട് കടന്നുപോകുന്ന യാത്രക്കാരുടെ ദുരിതം വാർത്തയായതോടെയാണ് ദുരിതയാത്ര നിത്യവും കാണുന്ന പ്രദേശവാസിയായ രവീന്ദ്രൻ ഒറ്റയാൾ പോരാട്ടവുമായി രംഗത്തിറങ്ങിയത്. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പ്രവൃത്തി ബുധനാഴ്ച വൈകീട്ടോടെ ഏതാണ്ട് പൂർത്തിയായി. ചളിയും വെള്ളക്കെട്ടും രൂപപ്പെടാത്തവിധം സമീപത്തെ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങളും ചെങ്കല്ലും സിമന്റ് കട്ടകളും മറ്റും കൊണ്ടുവന്ന് റോഡ് ഉയർത്തി ഇരുവശങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകൾ കീറിയാണ് പ്രവൃത്തി നടത്തിയത്. മേഖലയിലെ കർഷകനും കർഷകത്തൊഴിലാളിയും കൂടിയാണ് രവീന്ദ്രൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.