ഇരിട്ടി: അയ്യങ്കുന്ന് കരിക്കോട്ടകരിക്കടുത്ത് വളത്തോട്ടിൽ മാവോവാദി സംഘം. വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന കാട്ടൂപറമ്പിൽ ജയപാലൻ, കുറ്റിയാനിക്കൽ ജോസ്, ഐക്കരെവടക്കേതിൽ പ്രസന്നൻ എന്നിവരുടെ വീടുകളിലാണ് സി.പി. മൊയ്ദീൻ, ജിഷ എന്നിവർ അടങ്ങുന്ന ആയുധ ധാരികളായ സംഘം എത്തിയത്.
മേയ് 31നാണ് സംഘം എത്തിയതെന്നും ഭയംമൂലം പുറത്ത്പറയാതിരിക്കുകയായിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു. ഏഴുമണിയോടെ വീടുകളിൽ എത്തിയ സംഘം രാത്രി 11 മണിയോടെ ആണ് തിരികെ പോയത്. തങ്ങൾ മാവോയിസ്റ്റുകൾ ആണെന്ന് സ്വയം പരിചയപെടുത്തിയ ഇവർ വീടുകളിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം പവർ ബാങ്ക് ചാർജ് ചെയ്യുകയും അരി, പഞ്ചസാര, ചായപ്പൊടി, ഉള്ളി, കാന്താരി മുളക്, ടിഫിൻ ബോക്സ് എന്നിവ വാങ്ങി തിരിച്ചുപോയതായും വീട്ടുകാർ പറഞ്ഞു.
തങ്ങൾ മാവോയിസ്റ്റുകൾ ആണെന്നും വന്ന വിവരം ആരോടും പറയരുത് എന്നും ഇവർ നിർദേശിച്ചതായും വീട്ടുകാർ പറഞ്ഞു. അയ്യങ്കുന്ന് പഞ്ചായത്തിൽ ഇത് അഞ്ചാമത്തെ തവണയാണ് മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
വനാതിർത്തിയോട് ചേർന്ന മേഖലയായ വാളത്തോട് പ്രദേശങ്ങളിൽ വനത്തിൽ മാവോവാദി സാന്നിധ്യം ഉള്ളതായി സംശയിക്കുന്നതായി തദ്ദേശവാസികൾ പറഞ്ഞു. മുൻപ് ഉൾപ്രദേശങ്ങളിൽ താമസിച്ചിരുന്ന ആദിവാസികൾ ഉപേക്ഷിച്ച വീടുകൾ ഒരുപക്ഷേ ഇപ്പോൾ ഇവരുടെ താവളങ്ങൾ ആയിരിക്കും എന്നും സംശയം പ്രകടിപ്പിച്ചു.
മാവോവാദി സാന്നിധ്യം ഉണ്ടായ ദിവസങ്ങളിൽ ഇവിടെനിന്നും താമസം മാറിപോയ ചിലരുടെ സാന്നിധ്യം വളത്തോട്ടിൽ ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. ഇരിട്ടി ഡിവൈ.എസ്.പിയുടെ നേതൃത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.