ഇരിട്ടി: കടുത്ത ജലക്ഷാമം കാരണം കിണറുകൾ വറ്റിത്തുടങ്ങിയതോടെ കിണർ വൃത്തിയാക്കാനും ആഴം കൂട്ടാനും മറ്റും നടത്തുന്ന പ്രവൃത്തിക്കിടെ അപകടങ്ങൾ വർധിക്കുന്നു. ഞായറാഴ്ച ആറളം ഫാമിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവിന് കിണറ്റിൽ വീണ് ഗുരുതര പരിക്കേറ്റു. പുനരധിവാസ മേഖലയായ ബ്ലോക്ക് 10ൽ സൗമിഷാണ് അപകടത്തിൽപെട്ടത്. ഇയാളെ വനം വകുപ്പിന്റെ ആർ.ആർ.ടി സംഘവും പേരാവൂരിൽ നിന്നുമെത്തിയ അഗ്നിശമനസേനയും ചേർന്ന് പുറത്തെത്തിക്കുകയായിരുന്നു. പേരാവൂർ താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം സൗമിഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരഴ്ചക്കിടയിൽ മലയോര മേഖലയിൽ നടക്കുന്ന മൂന്നാമത് കിണർ അപകടമാണ് ആറളം ഫാമിലേത്. കഴിഞ്ഞ 25ന് പേരട്ട ആനക്കുഴിയിൽ സുലേഖ ചന്ദ്രോത്തിന്റെ കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി സന്തോഷ് (40) കയർ പൊട്ടി കിണറിൽ വീണു സാരമായി പരിക്കേറ്റിരുന്നു. ആറു മീറ്റർ താഴ്ചയുള്ള കിണറിൽ വീണ് കൈകാലുകളുടെ എല്ലുകൾ പൊട്ടിയ നിലയിൽ കിടന്ന സന്തോഷിനെ ഇരിട്ടിയിൽനിന്നും എത്തിയ അഗ്നിശമന സേനയാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
ഇതിന് തൊട്ടടുത്ത ദിവസം വെള്ളിയാഴ്ച എടൂരിലാണ് മറ്റൊരു വലിയ അപകടമുണ്ടായത്. എടൂർ കോറ റോഡിൽ പായം പഞ്ചായത്തിലെ എട്ടാം വാർഡിൽ പുത്തലത്ത് വീട്ടിൽ പ്രശാന്ത് കുമാറിന്റെ 18 കോൽ താഴ്ചയുള്ള കിണറിന്റെ അടിവശം ചെങ്കൽ കൊണ്ട് കെട്ടുന്നതിനിടെ ആയിരുന്നു അപകടം. കിണറിനകത്ത് ജോലിയിൽ ഏർപ്പെട്ട മൂന്നു തൊഴിലാളികൾക്ക് മേലെ കിണറിന് മുകൾഭാഗത്ത് ചെങ്കൽ കിണറിനകത്തേക്ക് ഇറക്കുന്നതിനായി മരത്തടികൾകൊണ്ട് കെട്ടിയ തൂക്ക് തകർന്ന് മരത്തടികളും കല്ലും കല്ല് ഇറക്കുകയായിരുന്ന തൊഴിലാളിയും അടക്കം വീഴുകയായിരുന്നു. നാലുപേർക്കും പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.