ഇരിട്ടി: തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡിന്റെ നവീകരണം പൂർത്തിയായതോടെ അപകടവും കൂടുന്നു. ഇരിട്ടി-മട്ടന്നൂർ റോഡിൽ പുന്നാട് കുന്നിന് കീഴിൽ മുതൽ വളോര വരെ അപകടമേഖലയായിട്ടും സുരക്ഷ മുൻകരുതലുകൾക്കുള്ള നടപടികൾ ഉണ്ടാകുന്നില്ല.
റോഡ് നവീകരണം പൂർത്തിയായതിനുശേഷം നാലുവർഷത്തിനിടെ രണ്ട് കിലോമീറ്റർ താഴെ വരുന്ന മേഖലകളിൽ മാത്രം ഉണ്ടായ അപകടങ്ങളിൽ അഞ്ചോളം പേർക്ക് ജീവൻ നഷ്ടമായി. ചെറുതും വലുതുമായി ഒരു മാസത്തിനിടെ 15ലധികം അപകടങ്ങളാണ് മേഖലയിലുണ്ടായത്. പത്ത് ദിവസത്തിനിടെ മൂന്ന് വലിയ അപകടങ്ങൾ ഉണ്ടായി.
ബുധനാഴ്ച നിയന്ത്രണം വിട്ട ഇന്നോവ കാർ റോഡരികിലെ അഞ്ചോളം സുരക്ഷ മുന്നറിയിപ്പ് കുറ്റികൾ തകർത്താണ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന യാത്രക്കാരിൽ നാലുപേരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഒരേ ദിശയിൽ വരുകയായിരുന്ന രണ്ട് സ്‌കൂട്ടറിൽ കാർ ഇടിച്ച് അപകടവും ഉണ്ടായി.
വാഹനങ്ങളുടെ അമിത വേഗവും റോഡിന്റെ ഘടനയും വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയുമെല്ലാം അപകടത്തിന് കാരണമാകുന്നുണ്ട്. കീഴൂർ കുന്നിറങ്ങി അമിത വേഗത്തിൽ വരുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. ഇത്രയും അപകടം നടന്നിട്ടും വാഹനങ്ങളുടെ വേഗം രേഖപ്പെടുത്തുന്നതിന് വേഗ നിയന്ത്രണ സംവിധാനങ്ങളൊന്നും ഉണ്ടാകുന്നില്ല.
സിഗ്നൽ ബോർഡുകൾ ഉണ്ടെങ്കിലും ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. മേഖലയിൽ സ്ഥിരം പരിശോധന സംവിധാനം വേണമെന്നാവശ്യവും അധികൃതർ ചെവിക്കൊണ്ടിട്ടില്ല. അമിത വേഗത്തിൽ നിയന്ത്രണം വിട്ടുവരുന്ന വാഹനങ്ങൾ റോഡരികിലൂടെ പോകുന്ന കാൽ നടക്കാരെയും നിർത്തിയിട്ട വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചാണ് മറിയുന്നത്.
ഈ റൂട്ടിലൂടെ നിരവധി കല്ല് കയറ്റിയുള്ള വണ്ടികളാണ് കടന്നുപോകുന്നത്. അവരിൽ നിന്നും നിശ്ചിത തുക ഈടാക്കുന്നതിനാണ് മണിക്കൂറുകൾ തെറ്റാതെയുള്ള പരിശോധന.
എന്നാൽ ഇരിട്ടി-തലശ്ശേരി റൂട്ടിൽ ചെങ്കല്ല് കയറ്റിയുള്ള ലോറികളുടെ ഓട്ടം വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇവിടങ്ങളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ മണിക്കൂറുകളായി പരിശോധന മാറുന്നു. മോട്ടോർ വാഹന വകുപ്പും അമിത വേഗത്തിനെതിരെ കാര്യമായ നടപടികളെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.